Tue. Jan 26th, 2021




കണ്ണൂര് > മുതിര്ന്ന മാധ്യമപ്രവര്ത്തകനും ദേശാഭിമാനി കണ്ണൂര് യൂണിറ്റ് സീനിയര് ന്യൂസ് എഡിറ്ററുമായ മനോഹരന് മോറായിയെ പൊലീസ് മര്ദ്ദിച്ചു. ഓഫീസിലേക്കു പോകുന്ന വഴി മുണ്ടയാട് ഇന്ഡോര് സ്റ്റേഡിയത്തിനു സമീപത്തെ കടയില് സാധനം വാങ്ങാന് കയറിയ മനോഹരനെ ചക്കരക്കല് സിഐ എ വി ദിനേശനാണ് മര്ദ്ദിച്ചത്.

ശനിയാഴ്ച പകല് പതിനൊന്നിനാണ് സംഭവം. കണ്ണൂര് കോര്പറേഷന് പരിധിയില് വരുന്ന മുണ്ടയാട് ഹോട്ട്സ്പോട്ട് മേഖലയല്ല, എന്നിട്ടും വാഹനത്തില് നിന്ന് ചാടിയിറങ്ങി ആക്രോശിച്ചുകൊണ്ട് കടയിലേക്കു കയറിയ സിഐ സാധനങ്ങള് വാങ്ങാന് നിന്നവരെ അടിച്ചോടിച്ചു. ഓടാതെ മാറിനിന്ന മനോഹരനെ കൈയേറ്റം ചെയ്യുകയും ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു. മാധ്യമപ്രവര്ത്തകനാണെന്നു പറഞ്ഞ് അക്രഡിറ്റേഷന് കാര്ഡ് കാണിച്ചിട്ടും ജീപ്പിനടുത്തേക്ക് വലിച്ചിഴച്ചു. ഏതെങ്കിലും കേസില് കുടുക്കുമെന്ന് പറഞ്ഞ് മൊബൈല് ഫോണില് ഫോട്ടോയും എടുത്തു. കേരള പത്രപ്രവര്ത്തക യൂണിയന് മുന് സംസ്ഥാന ജനറല് സെക്രട്ടറിയാണ് മനോഹരന് മോറായി. മുണ്ടയാട് ജേണലിസ്റ്റ് കോളനിയിലെ വീട്ടില് നിന്ന് കണ്ണൂരിലെ ഓഫീസിലേക്കു വരുന്നതിനിടെയാണ് കടയില് കയറിയത്.

തികച്ചും അകാരണമായാണ് സിഐ തന്നെ മര്ദ്ദിച്ചതെന്ന് മനോഹരന് മോറായി മുഖ്യമന്ത്രിക്കു നല്കിയ പരാതിയില് പറഞ്ഞു. സാമൂഹ്യഅകലം പാലിച്ചും മാസ്ക്കുധരിച്ചുമാണ് കടയില് സാധനങ്ങള് വാങ്ങാനെത്തിയ എല്ലാവരും നിന്നിരുന്നതെന്നും പരാതിയില് വ്യക്തമാക്കി.






By onemaly