Thu. Jan 28th, 2021




ന്യൂഡല്‍ഹി: നിര്‍ബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ അഞ്ച് സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട ഈ ഹര്‍ജി ആദ്യം പരിഗണിക്കേണ്ടത് കേരള ഹൈക്കോടതി ആണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചു.

എറണാകുളം സ്വദേശിനികള്‍ ആയ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് നിര്‍ബന്ധിത കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. നിര്‍ബന്ധിത കുമ്പസാരം മത വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണോ എന്നും, സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആണോയെന്നും കോടതി പരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങള്‍ ആദ്യം ഹൈക്കോടതി അല്ലേ പരിഗണിക്കേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.

ശബരിമല ഉള്‍പ്പടെ ഉള്ള വിഷയങ്ങള്‍ സുപ്രീം കോടതിയുടെ ഒമ്പത് അംഗ ബെഞ്ച് പരിഗണിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ വനിതകള്‍ നല്‍കിയ റിട്ട് ഹര്‍ജിയും കോടതിക്ക് പരിഗണിക്കാവുന്നതാണെന്ന് റോഹ്ത്തഗി വാദിച്ചു. മലങ്കര സഭാ ഭരണഘടനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബി. പി. ജീവന്‍ റെഡ്ഡി ഉള്‍പ്പെട്ട ബെഞ്ച് 1995 ല്‍ പുറപ്പടുവിച്ച വിധിയിലും, 2017 ല്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പുറപ്പെടുവിച്ച വിധിയിലും ചില വൈരുധ്യങ്ങള്‍ ഉണ്ട്. അതിനാല്‍ സുപ്രീം കോടതിയാണ് നിര്‍ബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി കേള്‍ക്കേണ്ടതെന്നും റോഹ്ത്തഗി വാദിച്ചു.

എന്നാല്‍ ഓര്‍ത്തോഡോക്‌സ് -യാക്കോബായ തര്‍ക്കം ആണ് ഹര്‍ജിക്ക് പിന്നില്‍ എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മലങ്കര സഭാ തര്‍ക്കത്തെ കുറിച്ച് എല്ലാം അറിയുന്ന കേരള ഹൈക്കോടതി ആണ് ഹര്‍ജി പരിഗണിക്കേണ്ടതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന വിഷയങ്ങള്‍ വ്യക്തിപരവും ഒറ്റപ്പെട്ടതും ആകാം എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ആണ് ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാന്‍ അനുവദിക്കണം എന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചത്.

ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934 ലെ സഭ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തോഡോക്‌സ് സഭാ അംഗങ്ങള്‍ ആയ മാത്യു ടി. മാത്തച്ചന്‍, സി.വി. ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.






By onemaly