പ്രവാസികളെ തിരികെ എത്തിക്കുക ലോക്ക്ഡൗണിന് ശേഷം; ചെലവ് സ്വയം വഹിക്കണം – Sreekandapuram Online News-
Fri. Sep 25th, 2020




ന്യൂഡല്‍ഹി: വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ ലോക്ക്ഡൗണിനു ശേഷമേ തിരികെ എത്തിക്കൂവെന്നു കേന്ദ്ര സര്‍ക്കാര്‍. പ്രത്യേക വിമാനങ്ങള്‍ വഴിയോ സാധാരണ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാല്‍ അതുവഴിയോ ആകും പ്രവാസികളെ തിരിച്ചെത്തിക്കുക. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി. ടിക്കറ്റ് പണം സ്വന്തമായി മുടക്കണം.

വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, എയര്‍ ഇന്ത്യ, സംസ്ഥാന സര്‍ക്കാരുകള്‍, വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍ എന്നിവര്‍ ചേര്‍ന്നാണ് വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്. കോവിഡ് വ്യാപനത്തിനു പിന്നാലെ വിവിധ വിദേശരാജ്യങ്ങളിലായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകണമെന്നു മാര്‍ച്ച്‌ 24 മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഗള്‍ഫില്‍ നിന്നുള്‍പ്പെടെയുള്ളവരെ തിരിച്ചെത്തിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനു മേല്‍ കേരളത്തിന്റെ അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദവുമുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്‌ട്രേഷന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിലേറേയായി തുടരുന്ന ലോക്ഡൗണിന്റെ ഭാഗമായി ഇന്ത്യയിലെ രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇറ്റലി, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ചിരുന്നു. ലോക്ഡൗണിനു ശേഷം പ്രവാസികളെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചിരുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളുടെ വിവരങ്ങള്‍ തേടിയാണ് കത്ത്.




By onemaly