വാഷിംഗ്ടണ്‍ കാലാപത്തില്‍ മരണം നാലായി. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അതിക്രമിച്ച് കടന്നതോടെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് കലാപ ഭൂമിയായത്. ഇതിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീയ്ക്ക് ജീവന് നഷ്ടമായി. നിയുക്ത പ്രസിഡന്റ് ജോബൈഡന്റെ വിജയം ഇരു സഭകളും അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസ് സമ്മേളിക്കുന്നതിനിടെയാണ് സംഭവം. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് അക്രമികളെ പൂര്‍ണമായി ഒഴിപ്പിച്ച ശേഷം സഭ വീണ്ടും ചേര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. യൂട്യൂബില്‍ നിന്ന് ട്രംപിന്റെ വീഡിയോകള്‍ നീക്കം ചെയ്തു. 12 മണിക്കൂര്‍ നേരത്തേക്കാണ് നടപടി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ലോക നേതാക്കള്‍ സംഭവത്തെ അപലപിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
അക്രമികളെ അനുനയിപ്പിക്കാന്‍ അമേരിക്കയുടെ നാഷണല്‍ ഗാഡ് സംഭവസ്ഥലതെത്തി. 21-ാം തീയതി വരെ വാഷിംഗ്ടണ്ണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 244 വോട്ടുകള്‍ ജോബൈഡന് അനുകുലമായി സര്‍ട്ടിഫൈ ചെയ്തു കഴിഞ്ഞു. ട്രംപിന് 157 വോട്ടുകളാണ് ഇതുവരെ സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്. ഇനി 13 സംസ്ഥനങ്ങളിലെ വോട്ടുകള്‍ കൂടിയാണ് സര്‍ട്ടിഫൈ ചെയ്യാനുള്ളത്. നിലവില്‍ പെന്‍സില്‍വാനിയ സംസ്ഥാനത്തെ വോട്ടണ്ണലിനെ ചൊല്ലിയുള്ള ചര്‍ച്ച സഭയില്‍ നടക്കുകയാണ്.
അതേസമയം, ട്രംപ് അനുകൂലികള്‍ നടത്തുന്ന കലാപത്തെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളും ഒരേ പോലെ അപലപിച്ചു. അമേരിക്കയ്ക്ക് ഉണ്ടായ ആകെയുള്ള അപമാനം എന്ന നിലയിലാണ് ഇരു പാര്‍ട്ടികളും സംഭവത്തെ വിലയിരുത്തുന്നത്.