കണ്ണൂർ: കണ്ണൂർ സ്വദേശിക്കടക്കം സംസ്ഥാനത്ത് അതിതീവ്ര കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയോടെ ജില്ല. പുതിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ യു.കെയിൽനിന്നെത്തിയ കണ്ണൂർ സ്വദേശികളായ അഞ്ചുപേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാൾ എറണാകുളത്തും നാലുപേർ കണ്ണൂരിലുമാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. നാലുപേരും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. ഇതിൽ ഒരാൾ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പയ്യന്നൂർ സ്വദേശിയും ഇരിക്കൂർ സ്വദേശികളുമാണ് യു.കെയിൽ നിന്നെത്തി കോവിഡ് പോസിറ്റിവായത്. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവളത്തിലടക്കം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡി.എം.ഒ ഡോ. നാരായണ നായ്ക് പറഞ്ഞു.