കൊട്ടിയൂർ നീണ്ടുനോക്കിയിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച;ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി.സാധനങ്ങളും കവർന്നു;കേളകം പോലീസ് അന്വേഷണം ആരംഭിച്ചു
03 01 2021
കൊട്ടിയൂർ നീണ്ടുനോക്കിയിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച;ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി.സാധനങ്ങളും കവർന്നു;കേളകം പോലീസ് അന്വേഷണം ആരംഭിച്ചു
ശനിയാഴ്ച രാത്രി 12.30 ഓടെയാണ് കൊട്ടിയൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നത്.കൊട്ടിയൂർ ട്രേഡേഴ്സ്, ഷീൻ ബേക്കറി, മലബാർ സാറ്റോർസ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്.ഷീൻ ബേക്കറിയിൽ നിന്ന് 30,000 രൂപയും സാധനങ്ങളും,കൊട്ടിയൂർ ട്രേഡേഴ്സിൽ നിന്ന് 25,000 രൂപയും ബൂസ്റ്റ്,ഹോർലിക്സ്,പാൽപ്പൊടി,സോപ്പ്പൊടി തുടങ്ങിയ സാധനങ്ങളും,മലബാർ സ്റ്റോർസിൽ നിന്ന് 35,000 രൂപയും 50,000 രൂപയുടെ സിഗരറ്റു പായ്ക്കറ്റുകളും ആണ് മോഷണം പോയത്.ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.ഷീൻ ബേക്കറിയിൽ കയറിയ കള്ളൻ അതിന്റെ മുകളിലൂടെ കൊട്ടിയൂർ ട്രേഡേഴ്സിന്റെ അകത്ത് കടക്കുകയായിരുന്നു.തുടർന്ന് അകത്ത് നിന്ന് തുറക്കാവുന്ന ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്.ഇവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ 2 പേരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.മലബാർ സ്റ്റോർസിന്റെ പുറകുവശത്തെ മെയിൻസ്വിച്ചിന്റെ ഫ്യൂസ് ഊരി മാറ്റിയശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്തത്.ഈ വ്യാപാര സ്ഥാപനങ്ങൾ കൂടാതെ ടുഡെ മാർട്ട് എന്ന സൂപ്പർമാർക്കറ്റിനു പുറത്ത് വെച്ചിരുന്ന ഉപ്പ് എടുത്തുകൊണ്ടുപോയതായും പരാതി ്ഉണ്ട്ഇതിനിടയിൽ രാവിലെ നടക്കാനിറങ്ങിയ കൊട്ടിയൂർ സ്വദേശിക്ക് നീണ്ടുനോക്കിയിലെ കലുങ്കിന് സമീപത്ത് നിന്ന് പത്ത് രൂപയുടെ ഒരു കെട്ട് നോട്ട് കളഞ്ഞു കിട്ടി.ഇത് കേളകം എസ് ഐ ടോണി ജെ മറ്റത്തെ ഏൽപ്പിച്ചു.കടകളിലെ മോഷണത്തിന് ശേഷം മോഷ്ടാവിന്റെ അടുത്ത് നിന്ന് വീണ് പോയതാകാം എന്നാണ് സംശയം.ഉച്ചയോടെ ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.മലബാർ സ്റ്റോർസിന്റെ പുറകുവശത്ത് നിന്ന് ലഭിച്ച ബാഗിന്റെ മണം പിടിച്ച റിക്കി എന്ന പോലീസ് നായ കൊട്ടിയൂർ ട്രേഡേഴ്സിന്റെ പുറകുവശത്തും മണം പിടിച്ച് നിന്നശേഷം ചുങ്കക്കുന്ന് വെങ്ങലോടി പഞ്ചാരമുക്കിലെ ഒരു വീടിന് സമീപം വന്നു നിന്നു.തുടർന്ന് വിരലടയാള വിദഗ്ധൻ അരുൺ കുമാറിന്റെ നേതൃത്വത്തിൽ കവർച്ച നടന്ന കടകളിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.കേളകം എസ്എച്ച്ഒ പി.വി രാജൻ,എസ്ഐ ടോണി ജെ മറ്റം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ഇതിനിടെ നീണ്ടുനോക്കിയിലെ മുറികളിൽ താമസിക്കുന്നവരുടെ വാതിലുകൾ മുൻഭാഗത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.