മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റിയ ഒരു പിടി ചലചിത്ര ഗാനങ്ങളുടെ രചയിതാവും ഗായകനുമായ അനില്‍ പനച്ചൂരാന് ഓര്‍മ്മയാകുമ്ബോള്‍ ചലച്ചിത്ര മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത് നികത്താനാകാത്ത നഷ്ടമാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ ഗാനങ്ങളിലൂടെയാണ് അനില്‍ പനച്ചൂരാന് മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.
അറബിക്കഥയിലെ ചോര വീണ മണ്ണില്‍ എന്ന ഗാനം മലയാളികളുടെ മനസില്‍ ഇടംനേടിയതോടെ പനച്ചൂരാന് മലയാള ചലചിത്രമേഖലയുടെ തന്നെ ഭാഗമാവുകയായിരുന്നു. മാടമ്ബി, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, മകന്റെ അച്ഛന്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെളിപാടിന്റെ പുസ്തകം തുടങ്ങി ഇരുപതിലേറെ ചിത്രങ്ങള്‍ക്ക് പനച്ചൂരാന് ഗാനങ്ങള്‍ രചിച്ചു. കഥ പറയുമ്ബോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ എന്ന ഗാനവും വന്‍ ഹിറ്റായിരുന്നു.
പഴയകാല ഗാനങ്ങള്‍ മാത്രമല്ല, സമീപ കാലത്തിറങ്ങിയ മോഹന്‍ ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ന്യൂജന്‍ പിള്ളേരെ ഹരം കൊള്ളിച്ച ജിമിക്കി കമ്മല്‍ എന്ന ഗാനം രചിച്ചതും അനില്‍ പനച്ചൂരാനാണ്.അറബിക്കഥയിലെ ചോര വീണ മണ്ണില്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നതും അനില്‍ പനച്ചൂരാനാണ്. അറബിക്കഥ, മാണിക്യക്കല്ല്, ചില നേരം ചില മനുഷ്യര്‍, യാത്ര ചോദിക്കാതെ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
വലയില്‍ വീണ കിളികള്‍, അനാഥന്, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയ കവിതകളിലൂടെയും അനില്‍ പനച്ചൂരാന് മലയാളികള്‍ക്ക് പ്രിയങ്കരനായി.