തലശ്ശേരി: പാതിരാത്രിയില്‍ അനധികൃതമായി ചെങ്കല്ല് കടത്തിക്കൊണ്ടുപോവുകയായിരുന്ന 19 ടിപ്പര്‍ ലോറികള്‍ റവന്യൂ വകുപ്പും പൊലീസും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത വാഹനങ്ങളാണ് കൊടുവള്ളിയില്‍ വച്ച് പിടിച്ചെടുത്തത്.
തലശ്ശേരി സബ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാഹനങ്ങള്‍ റവന്യൂ വകുപ്പിന്റെ കസ്റ്റഡിയിലാണുള്ളത്. ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ജിയോളജി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പിഴ ഈടാക്കി അനന്തര നടപടികള്‍ സ്വീകരിക്കും. ധര്‍മ്മടം പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്ബേത്തിന്റെ നേതൃത്വത്തില്‍ പൊലീസും തലശ്ശേരി കണ്ട്രോള് റൂം പൊലീസും സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ലോറികള്‍ക്കായി സമ്മര്‍ദ്ദം
ടിപ്പറുകള്‍ ഒന്നൊന്നായി കസ്റ്റഡിയിലായതോടെ വിവരം ഡ്രൈവര്‍മാര്‍ തമ്മില്‍ മൊബൈലില്‍ അറിയിച്ച ശേഷം കൊടുവള്ളിയില്‍ സംഘടിച്ചു. അനാവശ്യമായി ജോലി തടയുന്നുവെന്ന് ആരോപിച്ച് പിടിച്ചെടുത്ത ലോറികള്‍ വിട്ടയക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സ്ഥലത്തുണ്ടായ സബ്ബ് കളക്ടര്‍ അനുകുമാരി വഴങ്ങിയില്ല.