നടുവില്‍ (കണ്ണൂര്‍): ഒടുവള്ളിതട്ടിലുള്ള ചെങ്ങറ കോളനിയില്‍ സി.പി.എം നേതൃത്വത്തില്‍ അതിക്രമം നടത്തുന്നതായി കോളനിവാസികളുടെ പരാതി. എട്ടുവര്‍ഷത്തോളം സമരം ചെയ്ത് നേടിയ ഭൂമിയില്‍ സൗര്യ ജീവിതം നയിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ ഉപവാസസമരം ആരംഭിച്ചിരിക്കുകയാണ് പത്തോളം കുടുംബങ്ങള്‍.
ഇതിനിടെ, സമരത്തില്‍ പങ്കെടുക്കുന്ന കോളനിവാസിയായ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്ത്തകന് കൃഷ്ണന്‍കുട്ടിയുടെ ഓട്ടോറിക്ഷ വെള്ളിയാഴ്ച രാത്രി അക്രമികള്‍ അഗ്നിക്കിരയാക്കി. നേരത്തെ കോളനിയില്‍ വിഷയം അന്വേഷിക്കാനെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് ജില്ലാ നേതാക്കളെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തിരുന്നു.
പത്തോളം കുടുംബങ്ങള്‍ ആണ് ചെങ്ങറ കോളനിയില്‍ താമസിക്കുന്നത്. കോളനി കേന്ദ്രീകരിച്ച് വ്യാജ വാറ്റും വില്പനയും നടക്കുന്നത് മൂലം സന്ധ്യകഴിഞ്ഞാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ് പ്രേദശം. ലോക് ഡൗണ്‍ കാലയളവില്‍ ഇത് വര്‍ധിച്ചതോടെ പരാതിയുമായി ചെങ്ങറ കോളനിവാസികള്‍ പൊലീസിനെയും എക്സൈസിനയും സമീപിച്ചതാണ് സാമൂഹവിരുദ്ധര്‍ കോളനി വാസികള്‍ക്ക് എതിരെ തിരിയാന്‍ കാരണം. സി.പി.എമ്മിലെ ഒരു വിഭാഗം ഇവര്‍ക്ക് പിന്തുണ നല്‍കുന്നതായും കോളനിവാസികള്‍ ആരോപിക്കുന്നു. പാര്‍ട്ടി സമ്മര്‍ദം കാരണം പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
ചെങ്ങറ കോളനിയില്‍ തന്നെ താമസിക്കുന്ന സി.പി.എം അനുഭാവിയുടെ വീട് കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ് നടക്കുന്നതത്രെ. എക്സൈസ് സംഘം റെയ്ഡ് നടത്തി വ്യാജവാറ്റും ഉപകരണങ്ങളും കണ്ടെത്തിയെങ്കിലും ആരെയും പിടികൂടിയിരുന്നില്ല. വ്യാജവാറ്റിനെതിരെ പരാതി നല്കിയ കോളനിയിലെ വിജയനെ കഴിഞ്ഞയാഴ്ച ഒരുസംഘം മര്‍ദിച്ചു. വിജയന് തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
തുടര്‍ന്ന് കഴിഞ്ഞ മാസം 30ന് കോളനിവാസികളായ ഒമ്ബതോളം പേര് ജില്ല കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും നേരിട്ട് പരാതി നല്കി. തിരികെ കോളനിയിലേക്ക് ഒറ്റക്ക് പോകാന്‍ ഭയമുണ്ടെന്ന് കോളനിവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂടെപോയി തിരികെ വരുേമ്ബാഴാണ് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി കെ.പി. മുനീര്‍, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.എച്ച്. മൂസാന്‍ ഹാജി എന്നിവരെ മര്‍ദിച്ചത്. തുടര്‍ന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് കോളനിവാസികള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്.
സി.പി.എം പ്രാദേശിക പ്രവര്‍ത്തകരില്‍ നിന്നാണ് ഭീഷണിയും അക്രമവും ഉണ്ടാകുന്നതെന്ന് കോളനിവാസികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം പ്രാദേശിക നേതൃത്വത്തിെന്റ ഒത്താശയോടെയാണ് അക്രമം തുടരുന്നത്. 12 വര്‍ഷമായി ഇവിടെ താമസമാക്കിയ 10ല്‍ എട്ട് കുടുംബങ്ങളാണ് ജീവഭയത്താല്‍ ചകിതരായി കഴിയുന്നത്. നിരവധിതവണ വിവിധങ്ങളായ പീഡനമുറകളിലൂടെ മാനസികമായും ശാരീരികമായും ഉപദ്രവമേറ്റ് കഴിയുകയാണ്. പുരുഷന്മാരെ നിരന്തരം ആക്രമിക്കുന്നു. സ്ത്രീകള്‍ക്കുനേരെ അസഭ്യവര്‍ഷവും നിത്യ സംഭവമായി മാറി. കൂലിവേല ചെയ്ത് ഉപജീവനം കണ്ടെത്തുന്ന കോളനിവാസികള്‍ക്ക് സ്വൈര ജീവിതം ഉറപ്പുവരുത്താന്‍ ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ പലതവണ തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ല. പ്രതികള്‍ക്ക് പൊലീസ് ഒത്താശ ചെയ്യുകയാണ്. അടുത്തകാലത്തായി ഇവര്‍ കോളനിയിലെ ഒരുകുടംബത്തെ ഉപയോഗിച്ച് വ്യാപകമായി വ്യാജവാറ്റ് നടത്തിവരുകയാണ്.
എക്സൈസ് സംഘം റെയ്ഡ് നടത്തിയെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. ഇതുകാരണം ഇപ്പോഴും വ്യാജവാറ്റ് നിര്‍ബാധം തുടരുകയാണ്. കോളനിയിലേക്ക് മടങ്ങിച്ചെന്നാല്‍ ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യത്തില്‍, ഇൗ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് കോളനി പരിസരത്ത് മുഴുസമയ പൊലീസ് പോസ്റ്റ് സ്ഥാപിക്കുക, ഗുണ്ടാവിളയാട്ടം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് നിയമ നടപടികള്‍ കര്‍ശനമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ചെങ്ങറ കോളനിവാസികള്‍ കലക്ടറേറ്റിനു മുന്നില്‍ സത്യഗ്രഹം തുടങ്ങിയത്.
അതേസമയം, വിഷയത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് നടക്കുന്നതെന്നും സി.പി.എം പറഞ്ഞു. പുറത്തുനിന്ന് ആളുകള്‍ എത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കവും കലഹവും ആണ് കോളനിയില്‍ നടന്നത്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണം. വിഷയം ഏറ്റെടുക്കാനോ സംരക്ഷിക്കുവാനോ സി.പി.എം തയ്യാറാകില്ലെന്നും ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന് പറഞ്ഞു