Sun. Jan 24th, 2021
തിരുവനന്തപുരം:കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് ഭക്തജന പ്രവേശനം നിര്‍ത്തലാക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജവും ഹിന്ദു ഐക്യവേദിയും.

കോവിഡു വ്യാപനത്തില്‍ മേല്‍ശാന്തിയും നിരീക്ഷണത്തില്‍ പോകാനിടവരുത്തിയ ദേവസ്വം ബോര്‍ഡിന്റെ അലംഭാവത്തിനെതിരെ ഇരുസംഘടനകളുടെയും നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ധര്‍ണ്ണ സംഘടിപ്പിച്ചു.

ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിമലയില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചതെന്ന് ഇറോഡ് രാജന്‍ പറഞ്ഞു. തന്ത്രി കൂടി കോറന്റൈനില്‍ ആയാല്‍ പൂജ മുടങ്ങും. അതിനാല്‍ ഭക്ത ജന പ്രവേശനം എത്രയും വേഗം നിര്‍ത്തി വയ്ക്കണമെന്നും ഇറോഡ് രാജന്‍ ആവശ്യപ്പെട്ടു.

ശബരിമല തീര്‍ത്ഥാടന അട്ടിമറിക്കാന്‍ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രിസഡന്റും ഗൂഢാലോചന നടത്തുകയാണെന്ന് ഹിന്ദു കൈ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. നിലയ്ക്കലില്‍ കൊറോണ പരിശോധനയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് തെളിഞ്ഞു. അതിനാലാണ് 23 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ 299 പേര്‍ക്ക് കൊറോണ വന്നത്. അതിന് ആരോഗ്യമന്ത്രി മറുപടി പറയണം.

ശബരിമല തീര്‍ത്ഥാനം നടന്നില്ലെങ്കില്‍ കേരളത്തിന്റെ സാമ്ബത്തിക സ്ഥിതി തകരും എന്ന് പറഞ്ഞപ്പോള്‍ പുച്ഛിച്ചവര്‍ ഇന്ന് തീര്‍ത്ഥാനം നനടന്നില്ലെങ്കില്‍ കേരളം പട്ടിണിയാകുമെന്ന് വിലപിക്കുന്നു. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് നികുതി പണത്തില്‍ നിന്നുള്ള ഔദാര്യമല്ല. ദേവസ്വം ക്ഷേത്രഭൂമി ഏറ്റെടുക്കുമ്ബോള്‍ നല്‍കാമെന്ന് പറഞ്ഞ വരുമാനത്തിന്റെ പലിശ തുക ആണ്. സ്വത്ത് മുഴുവന്‍ കവര്‍ന്നെടുത്തിട്ട് നല്‍കുന്ന തുകയെ ഔദാര്യമായി ചിത്രീകരിക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചൂട്ടുപിടിക്കണ്ടെന്നും കോവിഡിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ തകര്‍ന്നാല്‍ ഭക്തര്‍ വയറ്റത്ത് അടിച്ച്‌ പാടി കാണിക്ക നിറക്കുമെന്നും ബിജു പറഞ്ഞു.

തുടര്‍ന്ന് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിവേദനം നല്‍കി.

”മകരവിളക്ക് ഉത്സവം പ്രമാണിച്ചു തിരുനട തുറക്കാനുള്ള ഭാഗ്യം ലഭിക്കാതെ മേല്‍ശാന്തി നിരീക്ഷണത്തിലാണ്. പകരം താന്ത്രിയാണ് നടതുറന്നതു. തന്ത്രിയും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം സംഭവിച്ചാല്‍ സന്നിധാനത്തു ഇത്രയും കാലം മുടങ്ങാതെ അഭംഗുരം തുടര്‍ന്ന് കൊണ്ടിരുന്ന പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും താല്‍ക്കാലികമായെങ്കിലും നിലച്ചു പോകുന്ന ഒരവസ്ഥ ഉണ്ടാകും. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ക്കു ഭംഗം വരാനിടയാക്കാതെ ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ കൂടെ മുന്നറിയിപ്പ് സ്വീകരിച്ചു എത്രയും പെട്ടെന്ന് ശബരിമല പ്രദേശം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചു ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് ഉടനെ നിര്‍ത്തണം.മാലധരിച്ചു വ്രതം അനുഷ്ടിച്ചു കൊണ്ട് വെര്‍ച്ച്‌വല്‍ ക്യുവില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഭക്തജനങ്ങളോടും അതാത് പ്രദേശങ്ങളിലുള്ള അയ്യപ്പ ക്ഷേത്രങ്ങളില്‍ ചെന്ന് തൊഴുതു പ്രാര്‍ത്ഥിച്ചു വ്രതം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യണം.’ .ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി അമ്ബോറ്റി കോഴഞ്ചേരി അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്ബാനൂര്‍, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി അഡ്വ. ഗീതതാ കുമാരി, മാതൃസമിതി സംസ്ഥാന അധ്യക്ഷ ഷീല നായര്‍, ജില്ലാ പ്രസിഡന്റ് ജയകുമാര്‍, ഹിന്ദു ഐക്യ വേദി ജില്ലാ നേതാക്കളായ ബിജു, എ.ലാസര്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ഷാജു, തുടങ്ങിയവര്‍ പങ്കെടുത്തു.


By onemaly