
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കണ്ണൂര്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും ട്രിപ്പിള്‍ ലോക്ഡൗണിലാണ് ഇപ്പോഴും ജില്ല. കടുത്ത നിയന്ത്രണങ്ങളും ജാഗ്രതയും തുടരുകയാണ്. 111 കോവിഡ് കേസുകളാണ് ഇന്നലെ വരെ കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 54 പേര്‍ക്ക് രോഗം ഭേദമായി. ബാക്കി 57 പേര് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്. 2542 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ജില്ലാ ഭരണകൂടം നല്കുന്ന വിവരം അനുസരിച്ച് ഇനി കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നതും സമൂഹവ്യാപനം നടന്നിട്ടില്ലെന്നതും ആശ്വാസകരമാണെങ്കിലും പൂര്‍ണമായി ആശങ്കയൊഴിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരും ജില്ല കളക്ടറും അറിയിക്കുന്നത്.
കാസറഗോഡിനു ശേഷം കേരളത്തെ മൊത്തത്തില്‍ ആശങ്കയിലാഴ്ത്തിയ ജില്ലയാണ് കണ്ണൂര്‍. തുടക്കത്തില്‍ വന്ന ചെറിയ പാളിച്ചകളായിരുന്നു ഗുരുതരമായൊരു സ്ഥിതിവിശേഷത്തിലേക്ക് ജില്ലയെ കൊണ്ടുപോയതെങ്കിലും പെട്ടെന്നു തന്നെ അവ മറികടക്കാന്‍ കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ടതാണ്. ഗള്‍ഫില്‍ നിന്നും വന്നവരെ 14 ദിവസത്തെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചശേഷം രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാത്രം പരിശോധനകള്‍ക്ക് വിധേയരാക്കുകയായിരുന്നു തുടക്കത്തില്‍ ചെയ്തിരുന്നത്. ആ രീതി പക്ഷേ തിരിച്ചടിയുണ്ടാക്കി. 14 ദിവസവും 28 ദിവസവും ക്വാറന്റൈനില്‍ കഴിഞ്ഞതിനുശേഷവും പോസിറ്റീവ് കേസുകള്‍ വരാന്‍ തുടങ്ങി. ലക്ഷണങ്ങള്‍ ഇല്ലാതിരുന്നവരും പോസിറ്റീവ് ആയതോടെയാണ് കാര്യങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയത്. ആദ്യത്തെ 51 കേസുകള്‍ പരിശോധിക്കുന്നതുവരെ പോസിറ്റീവ് ആയവരെല്ലാം വിദേശത്തു നിന്നും വന്നവരായിരുന്നു. പുറത്തു നിന്നും എത്തിയവരില്‍ മാത്രമാണ് രോഗലക്ഷണങ്ങളും രോഗബാധിതരും ഉള്ളതെന്ന ധാരണ തെറ്റുന്നത് പാട്യം പഞ്ചായത്തില്‍ പ്രായമായൊരാള്‍ പോസിറ്റീവ് കേസ് ആകുന്നതുവരെയായിരുന്നു. ഗള്‍ഫില്‍ നിന്നും അമ്മയും രണ്ടു കുട്ടികളും നാട്ടില്‍ എത്തിയിരുന്നു. ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്ന പ്രായമായ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാലിത് ഗള്‍ഫില്‍ നിന്നും എത്തിയവരില്‍ നിന്നും പകര്ന്നതായിരുന്നില്ല. ആദ്യം പ്രായമായാള്ക്ക് വരികയും അയാളില്‍ നിന്നും ഗള്‍ഫില്‍ നിന്നെത്തിയ പതിനൊന്നു വയസുള്ള കുട്ടിക്ക് പകരുകയും തുടര്‍ന്ന് ആ വീട്ടിലെ പത്തുപേര്‍ പോസിറ്റീവ് കേസുകളായി മാറുകയുമായിരുന്നു. പിന്നീട് മാഹിയില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുകയും രോഗി മരിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. ഇതോടെ ഭരണകൂടവും ആരോഗ്യവകുപ്പും കൂടതല്‍ ജാഗ്രതയിലായി.
കാസറഗോഡിനുശേഷം ഏറ്റവും വ്യാപകമായി ടെസ്റ്റുകള്‍ നടന്ന ജില്ലയായി കണ്ണൂര്‍ മറുന്നതും അങ്ങനെയായിരുന്നു. ഏകദേശം 2,500-ലേറെപ്പേരെ പരിശോധനയ്ക്ക് വിധേയരാക്കി. വ്യാപകമായി നടത്തിയ പരിശോധനയിലൂടെയാണ് 111 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ 111 പേരില്‍ 85 പേര് വിദേശത്ത് നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയതാണ്. 25 പേര് നാട്ടില്‍ തന്നെയുണ്ടായിരുന്നവരും. ഇതില്‍ 15 കേസുകള്‍ രണ്ട് വീടുകളില്‍ (ഒരു വീട്ടില്‍ 10 ഉം മറ്റൊരു വീട്ടില്‍ അഞ്ചും) മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ്. ബാക്കി 10 പേര് മാത്രമാണ് പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍. ഈ 111 പേരിലാണ് ഇപ്പോള്‍ 54 പേര് രോഗവിമുക്തരായത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നുവെന്നു ജില്ല ഭരണകൂടത്തിനു പറയാന്‍ കഴിയുന്നതും ഈ നമ്ബറുകള്‍ ചൂണ്ടിക്കാട്ടിയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചയായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും ഇനി വരാനുള്ള പരിശോധന ഫലങ്ങളില്‍ പോസിറ്റീവ് കേസുകളൊന്നും ഉണ്ടാകില്ലെന്ന വിശ്വാസവുമാണ് ജില്ലയുടെ മേലുണ്ടായിരുന്നു ഭീതി കുറഞ്ഞു വരാനുള്ള കാരണങ്ങള്‍.
സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്നതായിരുന്നു നിലനിന്നിരുന്ന ഏറ്റവും വലിയ ഭീതി. അത്തരമൊരു ആശങ്കയ്ക്കോ ഭയത്തിനോ ഇപ്പോള്‍ അടിസ്ഥാനമില്ലെന്നാണ് ജില്ല കളക്ടര്‍ ടി.വി സുരേഷ് ബാബു പറയുന്നത്. രണ്ട് കേസുകളില്‍ കോണ്ടാക്റ്റ് ട്രേസ് ചെയ്യാന്‍ ആദ്യം കഴിയാതെ വന്നത് ആശങ്കപ്പെടുത്തിയെങ്കിലും ഇപ്പോള്‍ എല്ലാ കേസുകളിലെയും കോണ്ടാക്റ്റുകള് കണ്ടെത്താനും അവരെയെല്ലാം ക്വാറന്റൈന് ചെയ്യാനും കഴിഞ്ഞതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കളക്ടര്‍ പറയുന്നു. സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ലെങ്കില്‍ കൂടി പരിശോധനകള്‍ തുടരുന്നുണ്ടെന്നും കളക്ടര്‍ പറയുന്നുണ്ട്. മാര്‍ച്ച് 17 നുശേഷം വന്ന 737 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഏതെങ്കിലും പ്രൈമറി/സെക്കന്‍ഡറി കേസുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരെയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അദ്ദേഹം കളക്ടര്‍ പറയുന്നു. റാപ്പിഡ് ടെസ്റ്റ് നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും വന്നിട്ടില്ലാത്ത സ്ഥിതിയില്‍ പിസിആര്‍ ടെസ്റ്റുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കളക്ടര്‍ സുഭാഷ് ബാബു വ്യക്തമാക്കി.
അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്ന ചില വസ്തുകള്‍ ജില്ലയില്‍ രോഗവ്യാപനം കൂടിയതിന്റെ കാരണങ്ങളാണ്. “മുന്‍പരിചയമില്ലാത്ത സാഹചര്യത്തെ നേരിടുന്നതില്‍ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും ചില വീഴ്ച്ചകള്‍ വന്നെങ്കിലും അതിനേക്കാളുപരി ജനങ്ങളില്‍ നിന്നുണ്ടായ വീഴ്ച്ചകളായിരുന്നു ഗുരുതരം. വിദേശങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഗള്‍ഫ് മേഖലകളില്‍ നിന്നും വന്നവരായിരുന്നു മലബാര്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളില്‍ അധികവും. അവരില്‍ നിന്നും സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ് വലിയൊരു സംഖ്യയിലേക്ക് പോസിറ്റീവ് കേസുകള്‍ എത്തിച്ചത്. കണ്ണൂരിലും അതേ സാഹചര്യമായിരുന്നു. മാര്‍ച്ച് 23 വരെ പുറത്തു നിന്നും ആളുകള്‍ നാട്ടിലെത്തിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ജാഗ്രത നിര്‍ദേശങ്ങളോ ക്വാറന്റൈനോ കൃത്യമായി പാലിച്ചിരുന്നില്ല. സമ്ബര്‍ക്കം വഴി രോഗം പകരാനുള്ള സാഹചര്യവും വളരെയേറെ ഉണ്ടാക്കി. എയര്‍പോട്ടില്‍ ഇറങ്ങി വണ്ടി വിളിച്ച് വീട്ടില്‍ എത്തിയശേഷമായിരുന്നു പലരെക്കുറിച്ചും ആരോഗ്യവകുപ്പിന് വിവരം കിട്ടിയിരുന്നത്. പുറത്തു നിന്നു വന്നവരില്‍ പത്തു മുതല്‍ ഇരുപത് ശതമാനം പേരെക്കുറിച്ചും അവര്‍ വീട്ടില്‍ എത്തിയശേഷമാണ് ആരോഗ്യവകുപ്പിന് വിവരം കിട്ടിയത്. ഇവരെ കോണ്ടാക്റ്റ് ചെയ്തു വരുമ്ബോഴേക്കും ഒരു ദിവസമെങ്കിലും കഴിഞ്ഞിരിക്കും. അതിനുള്ളില്‍ വീട്ടുകാരുമായും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആയി ഇവര്‍ സമ്ബര്‍ക്കത്തിലും ഏര്‍പ്പെട്ടു കഴിഞ്ഞിരിക്കും. തങ്ങള്‍ക്ക് രോഗമോ രോഗലക്ഷണങ്ങളോ ഒന്നുമില്ലെന്ന വിചാരമായിരുന്നു അവര്‍ക്ക്. നമ്മള് വിളിക്കുമ്ബോള്‍ പറയുന്നത്, ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ പരിശോധനയ്ക്ക് വിധേയരായവരാണ്, ഒരു കുഴപ്പവുമില്ലെന്നാണ്. എയര്‍പോര്‍ട്ടിലും റെയില്‍ വേ സ്റ്റേഷനുകളിലുമൊക്കെ നടക്കുന്നത് കോവിഡ് പരിശോധനയാണെന്നാണ് അവര്‍ ധരിച്ചുവയ്ക്കുന്നത്. അവിടെ നടക്കുന്നത് സ്ക്രീനിംഗ് മാത്രമാണ്. ടെമ്ബറേച്ചര്‍ നോക്കുകയാണ്. അതില്‍ വ്യതിയാനം കാണിക്കുന്നുണ്ടെങ്കില്‍ പരിശോധനയ്ക്ക് അയക്കുകയാണ്. ടെമ്ബറേച്ചറില് വ്യതിയാനം ഇല്ലെങ്കില്‍ വീട്ടില്‍ 14 ദിവസത്തേക്ക് സെല്‍ഫ് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കും. ഇതാണ് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും അതുകൊണ്ട് പേടിക്കാനൊന്നുമില്ലെന്ന ധാരണയുണ്ടാക്കുന്നത്. ഇങ്ങനെയൊരു തെറ്റിദ്ധാരണ ആളുകളില്‍ ഉണ്ടാകുന്നുണ്ടെന്ന് മനസിലായതോടെ ഉന്നത കേന്ദ്രങ്ങളെ ഇക്കാര്യം അറിയിച്ച് വിമാനത്താവളത്തില്‍ തന്നെ അവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു”, കണ്ണൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള ആരോഗ്യപ്രവര്ത്തകന് ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളാണിവ.
കൃത്യമായ ക്വാറന്റൈന് പാലിക്കാനും വിദേശത്ത് നിന്നും എത്തിയവര്‍ തയ്യാറായില്ലെന്നതും കാര്യങ്ങള്‍ വഷളാക്കിയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കൂത്തുപറമ്ബ് താലൂക്കിലെ മൂരിയാട് പഞ്ചായത്തിലാണ്. 16- 17 പോസിറ്റീവ് കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫില്‍ നിന്നും, പ്രധാനമായും നൈസില് നിന്നും എത്തിയവരാണ് ഏകദേശം എല്ലാവരും തന്നെ. സമീപ പഞ്ചായത്തില്‍ ആകെ വന്ന ഗള്‍ഫുകാരുടെ എണ്ണം 130 ആയിരുന്നുവെങ്കില്‍ മൂരിയാട് പഞ്ചായത്തില്‍ രണ്ട് വാര്‍ഡില്‍ തന്നെ 145 ഓളം പേരാണ് ഗള്‍ഫില്‍ നിന്നും എത്തിയത്. വിമാനത്തില്‍ യാത്ര ചെയ്ത് എത്തിയവരില്‍ രോഗസാധ്യത കൂടുതലായിരിക്കും, അതുപോലെ ക്ലോസ്ഡ് വാഹനങ്ങളില്‍ (എസി വാഹനങ്ങള്‍) യാത്ര ചെയ്ത് വരുന്നവരിലും രോഗസാധ്യയേറും. വിദേശത്ത് നിന്നും വന്നവരില്‍ കുറേപ്പേര് ബെംഗളൂരുവില്‍ ഇറങ്ങി അവിടെ നിന്നും മറ്റു വാഹനം പിടിച്ചാണ് കണ്ണൂരില്‍ എത്തിയത്. ജില്ലയിലെ പോസ്റ്റീവ് കേസുകളില്‍ 98 ശതമാനവും വിദേശത്തു നിന്നുള്ളവരാണ്. ഇവര്‍ ആരോഗ്യവകുപ്പുമായോ ജില്ല ഭരണകൂടമായോ സഹകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ അത്രയേറെ കൈവിട്ടു പോകില്ലെന്നാണ് ജില്ലയിലെ മുതിര്‍ന്ന ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നത്.
“നമുക്ക് മുന്‍കൂട്ടി വിവരം തരികയാണെങ്കില്‍ നാട്ടിലേക്ക് മടങ്ങുന്നവരെ ബന്ധപ്പെട്ട് അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കാന് സാധിക്കും. അതുപോലെ അവരുടെ വീട്ടുകാരെ കണ്ട് അവര്‍ക്ക് ആവശ്യമായ ബോധവത്കരണം നടത്താന്‍ കഴിയും. ഇതൊന്നും നടന്നില്ല. ക്വാറന്റൈനില്‍ പോകണമെന്നു നിര്ദേശിക്കപ്പെട്ടവര് അതിന്റെ ഗൗരവത്തില്‍ കാര്യങ്ങളെ കണ്ടില്ല. വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നത് മാത്രമല്ല ക്വാറന്റൈന്. വീട്ടില്‍ തന്നെ മറ്റ് അംഗങ്ങളോടും സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഇക്കാര്യങ്ങളും ഇവിടെ നടന്നില്ല. വീട്ടിലെ എല്ലാവരുമായി അവര്‍ സമ്ബര്‍ക്കം നടത്തി. അങ്ങനെയാണ് ഒരു വീട്ടില്‍ തന്നെ പത്തുപേര്‍ പോസിറ്റീവ് ആകുന്നതൊക്കെ. ഒരു വീട്ടില്‍ പതിനാറ് പേരാണുണ്ടായിരുന്നത്. അവിടെ ആകെയുള്ളത് രണ്ടോ മൂന്നോ മുറികളും. സമ്ബര്‍ക്കം വളരെ വേഗത്തില്‍ നടക്കും. ആരോഗ്യവകുപ്പിനോ ജില്ല ഭരണകൂടത്തിനോ മുന്പേര് വിവരം കിട്ടാതെ പോകുന്ന കേസുകളാണിതൊക്കെ. നേരത്തെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞാല്‍ ആള്‍ക്കാരെ മാറ്റാനും രോഗസാധ്യയുള്ളവരെ ഐസോലേറ്റ് ചെയ്യാനുമൊക്കെ സാധിക്കുമായിരുന്നു. ഐസോലേഷന് ചെയ്ത കേസുകളില്‍ തന്നെ പലരും പുറത്തിറങ്ങി നടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.’– അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇതൊക്കെ കണ്ണൂരില്‍ മാത്രം സംഭവിച്ച കാര്യങ്ങളല്ല. കേരളത്തില്‍ പലയിടങ്ങളിലും ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച്ചകള്‍ സാഹചര്യങ്ങള്‍ ഗുരുതരമാക്കി മാറ്റിയിരുന്നു. ഇത്തരം പിഴവുകള്‍ ഉണ്ടാക്കുമ്ബോള്‍ അതൊരു നാടിനെ തന്നെയാണ് അപകടത്തിലാക്കുന്നതെന്ന ബോധ്യം ഇനിയെങ്കിലും ജനങ്ങളില്‍ ഉണ്ടാകണമെന്നാണ് കണ്ണൂരിനെ ഉദാഹരണമാക്കി ആരോഗ്യപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും അഭ്യര്‍ത്ഥിക്കുന്നത്.