കണ്ണൂർ: നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നല്കിയ വിപ്പ് ലംഘിച്ച് സി.പി.എം മെമ്പർമാരുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി മത്സരിച്ച ബേബി ഓടംപള്ളിയെയും ,കോൺഗ്രസ് പാർട്ടി നിർദ്ദേശിച്ച നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ വിലങ്ങോലിനെയും, ലിസി ജോസഫിനെയും കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.
19 ല്‍ 11 സീറ്റ് ലഭിച്ചിട്ടും തമ്മിലടി മൂലം നടുവില്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. നാല് പതിറ്റാണ്ടായി യു.ഡി.എഫ് പ്രസിഡന്റാണ് ഇവിടെ ഭരിക്കുന്നത്. ഇത്തവണ ഭരണം എല്‍.ഡി.എഫ് നേടി. കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവായ ഡി.സി.സി ജനറല്‍ സെക്രട്ടറി ബേബി ഓടം പള്ളിയെ എല്‍.ഡി.എഫ് പിന്തുണച്ചു. ഇതോടെ എട്ടിനെതിരെ 11 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് വിജയിച്ചത്. സിപിഎമ്മിലെ 7 അംഗങ്ങളും, കോണ്‍ഗ്രസ് വിമതയും, ബേബി ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ മൂന്ന് അംഗങ്ങളും ആണ് ബേബി ഓടാമ്പള്ളിക്ക് വോട്ട് ചെയ്തത്.
പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് 40 വര്‍ഷത്തിലേറെയായി തുടരുന്ന ഭരണത്തിന്റെ പതനത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകള്‍ക്കും നാലു വീതവും, മുസ്ലിം ലീഗിന് മൂന്ന് അംഗങ്ങളുമായാണ് യു.ഡി.എഫിന് 11 സീറ്റ് ലഭിച്ചത്.
സിപിഎമ്മിന് ഏഴും, ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതയുമാണ് വിജയിച്ചത്. പൊട്ടന്‍പ്ലാവ് വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ തന്നെ അലക്സ് ചുനയം മാക്കലിനെ പ്രസിഡന്റാക്കാനാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്. ഇതിനെതിരെ ഓടാമ്പള്ളി ബേബിയുടെ നേതൃത്വത്തില്‍ മൂന്ന് ഐ ഗ്രൂപ്പ് അംഗങ്ങള്‍ രംഗത്തെത്തി. തന്നെ ഒതുക്കാനാണ് ശ്രമമെന്നും ഒരു കാരണവശാലും അലക്സിനെ പ്രസിഡന്റ് ആക്കില്ലെന്നും പറഞ്ഞ് ബേബിയുടെ നേതൃത്വത്തില്‍ മൂന്ന് ഐ ഗ്രൂപ്പ് അംഗങ്ങളും രംഗത്തെത്തുകയായിരുന്നു. ഭരണം നഷ്ടപ്പെട്ടാലും ബേബിയെ പ്രസിഡന്റ് ആക്കില്ലെന്ന നിലപാടില്‍ എ ഗ്രൂപ്പും ഉറച്ചുനില്‍ക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയും കണ്ണൂര്‍ ഡി.സി.സിയില്‍ ചര്‍ച്ച നടന്നെങ്കിലും പ്രസിഡന്റ് വീതം വെപ്പ് ആദ്യം വേണം എന്നതിനെ ചൊല്ലി അലസി പിരിയുകയായിരുന്നു.