Sat. Jan 23rd, 2021




വ്യാപാര സ്​ഥാപനത്തില്‍ നിന്ന്​ ഹലാല്‍ ബോര്‍ഡ്​ ഒഴിവാക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് രേഖാമൂലം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന കത്ത് നല്‍കിയത്. കുറുമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിക്ക്​ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഭാരവാഹികളുടെ പേരും ഒപ്പോടുംകൂടിയാണ്​ ഭീഷണിക്കത്ത്​ നല്‍കിയിരിക്കുന്നത്​. കത്തിന്‍റെ പൂര്‍ണരൂപം.

ഈ അടുത്ത കാലത്ത്​ പ്രവര്‍ത്തനം ആരംഭിച്ച നിങ്ങളുടെ സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിക്കുകയും അതുവഴി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്‍റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും ആയത്​ കുറ്റകരവുമാണ്. ആയതിനാല്‍ ഈ നോട്ടീസ് കൈപ്പറ്റി ഏഴ്​ ദിവസത്തിനകം മേല്‍ പറഞ്ഞ ഹലാല്‍ നോട്ടിഫിക്കേഷന്‍ നിങ്ങളുടെ സ്ഥാപനത്തില്‍നിന്ന് നീക്കം ചെയ്യേണ്ടതും മേലില്‍ നിങ്ങളുടെ സ്ഥാപനത്തിലെ പരസ്യത്തില്‍ നിന്ന്​ അത്തരം വേര്‍തിരിവ്​ ഒഴിവാക്കേണ്ടതുമാണ്​. അല്ലാത്തപക്ഷം സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്ന്​ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു’.

നോട്ടീസ്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്​. ചിലര്‍ സംഭവം ഉള്‍പ്പെടുന്ന ചെങ്ങമനാട്​ സ്​റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്​തു. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ ഇടപെടാനാകൂ എന്ന നിലപാടിലാണ്​ പൊലീസ്​. സംഭവം ബേക്കറി ജീവനക്കാരും സ്​ഥിരീകരിച്ചിട്ടുണ്ട്​. ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ വന്ന് കത്ത് കൊടുക്കുകയും അവിടെ ഉണ്ടായിരുന്നവരോട് ഭീക്ഷണിയുടെ സ്വരത്തില്‍ ‘ഹലാല്‍’ ബോര്‍ഡ് നീക്കം ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്ന്​ കടയിലെ ജീവനക്കാര്‍ പറയുന്നു.






By onemaly