Thu. Jan 28th, 2021




വളയംചാല്‍ (കേളകം): പുഴയില്‍ ചൂണ്ടയിട്ട് മീന്‍പിടിച്ച മുന്‍ സൈനികനെതിരെ കേസെടുത്ത വനംവകുപ്പ് നടപടിക്കെതിരെ വളയംചാലിലെ ആറളം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ കെ.സി.വൈ.എമ്മിന്‍്റെ ആഭിമുഖ്യത്തില്‍ ചൂണ്ടയിട്ട് പ്രതിഷേധം. ഓഫിസിന് മുന്നില്‍ ചീങ്കണ്ണിപ്പുഴയില്‍ വിമുക്ത ഭടന്മാരുടെ സംഘടനയായ ജയ്‌ഹിന്ദിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

മുന്‍വൈരാഗ്യത്തോടുകൂടി കെട്ടിച്ചമച്ച കേസ് പിന്‍വലിക്കുകയല്ലാതെ ഈ അനീതിക്ക് മറ്റൊരുവിധത്തിലുമുള്ള പരിഹാരം ഇല്ലായെന്നും രാജ്യത്തിനുവേണ്ടി പോരാടിയ സൈനികരെ ഇത്തരം നടപടികളിലൂടെ അപമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും സൈനികര്‍ ആവശ്യപ്പെട്ടു.

സൈനികര്‍ക്കെതിരെപോലും ഇത്തരത്തിലുള്ള നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെങ്കില്‍ സാധാരണക്കാരന്‍റെഅവസ്ഥ എന്താകുമെന്നും സൈനികര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധപ്രകടനം ജയ്‌ഹിന്ദ്‌ സ്റ്റേറ്റ് ജോയിന്‍റ്​ സെക്രട്ടറി പ്രശാന്ത് ആറന്മുള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപദേശക സമിതി അംഗം വിദ്യാനന്ദ് മാണിക്കോത്ത്, മോഹനന്‍ എന്‍. കെ, അനില്‍ ടി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോറസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിന് ശേഷം കണിച്ചാര്‍ ടൗണിലും പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

തുടര്‍ന്ന് വനംവകുപ്പിന്‍റെ ഇരിട്ടിയിലെ ഓഫീസില്‍വെച്ച്‌ ഡി.എഫ്.ഒയുമായി സൈനികര്‍ ചര്‍ച്ചയും നടത്തുന്നുണ്ട്.






By onemaly