തക്കാളിക്ക് കിലോ 46 രൂപ! കടയുടെ ലൈസന്‍സ് റദ്ദാക്കി – Sreekandapuram Online News-
Fri. Sep 25th, 2020
തളിപ്പറമ്പ്: ജില്ലാ കളക്‌ടര്‍ രൂപീകരിച്ച സംയുക്ത പരിശോധനാസ്‌ക്വാഡ് തളിപ്പറമ്ബ്, പയ്യന്നൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 കടകളില്‍ ക്രമക്കേട് കണ്ടെത്തി.
തളിപ്പറമ്ബ് താലൂക്കിലെ മൊറാഴ കൂളിച്ചാലിലെ സിഎസ് സ്റ്റോറില്‍ തക്കാളി കിലോയ്ക്ക് 46 രൂപയ്ക്ക് വില്‍പന നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കടയുടമയ്‌ക്കെതിരേ കേസെടുത്തു.
കടയുടെ ലൈസന്‍സ് റദ്ദാക്കി അവശ്യവസ്തു നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് സപ്ലൈ ഓഫീസര്‍ ടി.
സുരേഷ് അറിയിച്ചു. മേഖലയിലെ എട്ട് കടകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കടകളില്‍ ക്രമക്കേട് കണ്ടെത്തി. പയ്യന്നൂരിലെ മണ്ടൂര്‍, രാമപുരം, വയലപ്ര, കൊവ്വപ്പുറം, അങ്ങാടി, പയ്യന്നൂര്‍ തെരു എന്നിവിടങ്ങളിലെ പത്തു കടകളില്‍ നടത്തിയ പരിശോധനയില്‍ എല്ലാ കടകളിലും ക്രമക്കേട് കണ്ടെത്തി.

വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അസി. സപ്ലൈ ഓഫീസര്‍ പി. അനീഷ്, എസ്‌ഐ കെ. ബാലകൃഷ്ണന്‍, റേഷനിംഗ് ഇന്‍സ്‌പെക്‌ടര്‍മാരായ അബ്ദുള്‍ സലാം, പി.വി. കനകന്‍, താലൂക്ക് ഓഫീസ് സൂപ്രണ്ട് പി.കെ. ഭാസ്‌കരന്‍, പയ്യന്നൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.പി. സുധാകരന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്‌ടര്‍ സുജയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.