August 7, 2022
തിരുവനന്തപുരം: നെയ്യാ‌റ്റിന്‍കരയിലെ ദമ്ബതികളുടെ മരണത്തിനിടയാക്കിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ കേരള പൊലീസ് അക്കാദമിയുടെ വെബ്‌സൈ‌റ്റ് ഹാക്ക് ചെയ്‌തു. കേരള സൈബര്‍ വാരിയേഴ്‌സാണ് സൈ‌റ്റ് ഹാക്ക് ചെയ്‌തത്. സംഭവത്തില്‍ മരണമടഞ്ഞ രാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമിച്ച മകനെ തടയുന്ന നെയ്യാ‌റ്റിന്‍കര എസ്.ഐയുടെ ചിത്രം ഉള്‍പ്പടെ നല്‍കിയാണ് സൈ‌റ്റ് ഹാക്ക് ചെയ്‌ത വിവരം കേരള സൈബര്‍ വാരിയേഴ‌്സ് അറിയിക്കുന്നത്. കാക്കിക്കുള‌ളിലെ ക്രിമിനലുകളെ നീക്കി പൊലീസ് സേനയെ ശുദ്ധീകരിക്കണമെന്നും സൈബ‌ര്‍ വാരിയേഴ്‌സ് ആവശ്യപ്പെടുന്നു.

വിവരം അറിയിച്ച്‌ കേരള സൈബര്‍ വാരിയേഴ്‌സ് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പ് ചുവടെ:

മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മ്മങ്ങള്‍’ എന്ന് അര്‍ത്ഥമാക്കുന്ന ‘മൃദു ഭാവെ, ദൃഢ കൃത്യെ’ എന്ന സംസ്കൃത വാക്യം ആണ്‌ കേരള പോലീസ് സേനയുടെ ആപ്തവാക്യം. ഈ ആപ്‌ത വാക്യങ്ങളില്‍ ആദ്യ വാക്യം തീര്‍ത്തും നിഷ്പ്രഭമാക്കിയിട്ട് പോലീസ് എന്നത് കിരാത വാഴ്ച്ചയുടെ ഓര്‍മപ്പെടുത്തല്‍ ആണ് അന്നും ഇന്നും. അധികാര വര്‍ഗ്ഗത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും താല്പര്യ സംരക്ഷകരായിട്ടാണ് പോലീസ് എന്നും വര്‍ത്തിക്കുന്നത്. ജനങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളോടൊത്ത് പ്രവര്‍ത്തിച്ച്‌ ക്രമ സമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ പോലീസ്, സ്വന്തം അച്ഛനും അമ്മയും കണ്‍മുന്നില്‍ വെന്തെരിഞ്ഞു വെണ്ണീര്‍ ആയപ്പോള്‍ ആ കുട്ടികളുടെ മാനസിക അവസ്ഥ പോലും കണക്കിലെടുക്കാതെ കുഴിമാടം വെട്ടുന്ന മകനോട് ചോദിക്കുകയും പറയുകയും ചെയ്യുന്ന വാചകങ്ങളുടെ രീതി തികച്ചും ക്രൂരതയാണ്. പ്രതിഷേധം ഉയരേണ്ടതാണ്. ഒരായുസ്സ് മുഴുവന്‍ വേട്ടയാടപ്പെടാന്‍ പോകുന്ന കാഴ്ചകള്‍ ആണ് ഇനി അവര്‍ നേരിടാന്‍ പോകുന്നത്. ഒരു ദിവസം കൊണ്ടു ഉറ്റവരെ നഷ്ടപ്പെട്ടു ഈ ലോകത്തില്‍ ഒറ്റപെട്ടു പോയ കുഞ്ഞുങ്ങള്‍! അവരോടാണ് “ഡാ നിര്‍ത്തെടാ..” എന്ന് ഏമാന്‍ ആജ്ഞാപിക്കുന്നത്. “ഇനിയെന്‍്റെ അമ്മയും കൂടെ മരിക്കാനുള്ളൂ സാറേ” എന്ന് പറയുന്ന ബാലനോട്, ഏമാന്‍ ഒരു സങ്കോചവും കൂടാതെ മറുപടിയായി, “അതിനിപ്പോ ഞാനെന്ത് വേണം ? ” എന്ന ഒരു മനുഷ്യത്വവും ഇല്ലാത്ത ഏമാന്റെ അധികാരത്തിന്റെ ധാര്‍ഷ്ട്യത നിറഞ്ഞ വാക്കുകള്‍ ഓരോ സാധാരണ മനുഷ്യന്റെയും നെഞ്ചില്‍ കനലായി എരിഞ്ഞു കൊണ്ടിരിക്കയാണ്. അധികാരത്തിന്റെ അന്ധതയിലേക്കു പോകുമ്ബോള്‍ ഏമാന്‍ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. അച്ഛന്റെ കുഴിമാടം വെട്ടേണ്ടി വന്ന അവനും ഞങ്ങളും നല്‍കുന്ന നികുതി കൊണ്ടാണ് ഏമാനേ നിങ്ങളും ചോറുണ്ണുന്നത്. പോലീസ് അക്കാഡമിയില്‍ വിദ്യ അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാര്‍ നിങ്ങളുടെ ശിഷ്യന്മാരെ ഇങ്ങനെ ഒന്ന് ഉപദേശിക്കണം ‘ജനങ്ങളുടെ നികുതിപ്പണം എടുത്തു ശമ്ബളം തരുന്നത് ജനങ്ങളെ സേവിക്കാനാണ് അല്ലാതെ സാധാരണ ജനങ്ങളുടെ മുകളില്‍ കുതിര കയറാനല്ല. പൊതു ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കുകയും, തുല്ല്യ നീതി നടപ്പിലാക്കുകയുമാണ് നിങ്ങളുടെ കര്‍മ്മമെന്നും! കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത്‌ മൂന്നാമത്തെ വീഡിയോയാണ് പോലീസിന് എതിരായി വന്നിട്ടുള്ളത്, അതിലെല്ലാം സാധാരണ ജനങ്ങളോടുള്ള പോലീസിന്റ സമീപനം വ്യക്തമാകുകയാണ്. പരാതി നല്‍കുവാന്‍ സ്റ്റേഷനില്‍ വന്ന അച്ഛനോടും,മകളോടും മോശമായി പെരുമാറുന്നത്, വഴി വക്കില്‍ പഴക്കച്ചവടം നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന യുവാവിനോടുള്ള ‘കായും പൂവും’ ചേര്‍ത്തുള്ള വിളിയുടെ ക്രെഡിറ്റ് ഇവയൊക്കെ കേരള പോലീസിനെ വാര്‍ത്തെടുക്കുന്ന അക്കാദമിക്കും കൂടിയുള്ളതാണ്. പാവപ്പെട്ടവനും, പണക്കാരനും, രാഷ്ട്രീയ സ്വാധീനം ഉള്ളവനും, ഇല്ലാത്തവനും ഒരേ നീതി ഉറപ്പുവരുത്താന്‍ എന്തുകൊണ്ട് സേനക്ക് സാധിക്കുന്നില്ല..?? ഒരു വൃക്തി മാനസിക സംഘര്‍ഷത്തില്‍ ആയിരിക്കെ, അത്തരം സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം അല്ലെങ്കില്‍ അവിടെ എങ്ങനെ പെരുമാറണമെന്ന് അടിസ്ഥാന പരിശീലനം പോലും കിട്ടാത്ത ഒരു പരീക്ഷ എഴുതി പാസ്സ് ആയി വെറും ഒരു നോക്കു കുത്തിയെ പോലെ രാഷ്ട്രീയക്കാരുടെ അടിമ ആയി കഴിയാന്‍ ആണ് മിക്ക പോലീസ് ഉദ്യോഗസ്ഥര്‍ക്കും താല്പര്യം. ഏമാന്റെ ഭാഗത്തു നിന്ന് എന്ത് വീഴ്ച്ച വന്നാലും വെറും ഒരു സസ്പെന്‍ഷന്‍ അല്ലങ്കില്‍ ഒരു പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ മാത്രമായി ഒതുക്കുന്നത് കൊണ്ട് എന്ത് തെറ്റു ചെയ്താലും ആരും ചോദിക്കാനും പറയാനുമില്ല എന്ന ഹുങ്കാണ് പല ഏമാന്മാര്‍ക്കും ഉള്ളത്. ആരെ ബോധ്യപ്പെടുത്താനാണ് ഇതുപോലുള്ള പ്രഹസനം? സ്ഥലം മാറ്റിയാല്‍ സ്വഭാവത്തില്‍ മാറ്റം വരുമോ? സസ്‌പെന്‍ഷന്‍ ആയാല്‍ പോലും ആദ്യ 3 മാസം 50% സാലറി, പിന്നെ സര്‍വിസില്‍ തിരിച്ചു കേറും വരെ 75% ശമ്ബളം കൊടുത്ത് സസ്പെന്‍ഷന്‍ കാലം കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ വീട്ടില്‍ ഇരുത്തുന്ന ഈ ആചാരം കൊണ്ട് എന്ത് ശിക്ഷയാണ് ഇവര്‍ക്ക് ലഭിക്കുന്നത് ? തെറ്റ് ചെയ്ത ഒരു പോലീസ്‌കാരനെയെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചിവിടാന്‍ സാധിക്കുമോ ആഭ്യന്തരമന്ത്രിക്ക് ..?? അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ക്ക്..?? ഇവിടെ എത്രയോ ആളുകള്‍ ഒരു ജോലിക്കായി കാത്തിരിക്കുന്നു. അതിനിടയില്‍ എന്തിനാണ് ഇത്തരം നീചന്മാരായ പോലീസുകാരെ ഇപ്പോഴും സര്‍വീസില്‍ നിര്‍ത്തുന്നത്..?? പോലീസ് അക്കാദമിയില്‍ ജനങ്ങളെ സേവിക്കാന്‍ തിരഞ്ഞെടുക്കുന്നവരെ, മനസ്സു കൊണ്ടും ശരീരം കൊണ്ടും,ബുദ്ധി കൂര്‍മത കൊണ്ടും സര്‍വോപരി മനുഷ്യത്വമുള്ളവരാണെന്ന് ഉറപ്പു വരുത്തി സമൂഹത്തിലേക്ക് അയക്കണം. ഈ കാര്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ ജോലി പോകും എന്ന അവസ്ഥ വരണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന ബോധം പോലീസ് ഉദ്യോഗസ്ഥരില്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന ട്രെയിനിങ് രീതികള്‍ കൂടെ അവലംബിക്കേണ്ടത് ഇന്നത്തെ സാഹചര്യങ്ങളുടെ ആവശ്യവും കൂടിയാണ്. തെറ്റുകള്‍ മനുഷ്യ സഹജമാണ്‌ അത് മനസിലാക്കി തിരുത്തണം.ഓര്‍ക്കുക ജനങ്ങളുടെ നികുതി പണം നല്‍കി നിങ്ങളെ നിയമിക്കുന്നത് അവരെ പരിപാലിക്കാനാണ് അവരുടെ അന്തകന്മാര്‍ ആകാനല്ല. ജനമൈത്രി പോലീസ് ആശയം നടപ്പില്‍ വന്നു എന്ന അവകാശ വാദത്തിന്റെ പ്രായോഗികത ഈ സമയത്തെ ജനങ്ങളുടെ പ്രതികരണങ്ങള്‍ വായിച്ചാല്‍ മനസിലാക്കാന്‍ പറ്റുന്നത് ആണ്. ചൂണ്ടിയ വിരലും, ഉയര്‍ന്ന തൂമ്ബയും ഇനി ഒരു മാറ്റത്തിന്റെതാകട്ടെ. പ്രതികരിക്കുന്ന ജനത്തെ കണ്ടു ഭയപ്പെടാന്‍ ഇടയാകാതിരിക്കട്ടെ നമ്മുടെ നിയമപാലകര്‍ക്ക്. കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചു വിട്ടു പോലീസ് സേനയെ സംശുദ്ധമാക്കുക.