Fri. Jan 22nd, 2021
തിരുവനന്തപുരം: കാസർകോട്ടെ ഏറെ വിവാദം സൃഷ്ടിച്ച ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പിന് സമാനമായി തലസ്ഥാനത്തും സൊെൈസറ്റിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പ്. കല്ലമ്പലം നഗരൂർ റോഡിൽ പുല്ലൂർ മുക്കിന് സമീപം സി.എച്ച്. മുഹമ്മദ് കോയ മെഡിക്കൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ രണ്ട്  കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നിക്ഷേപകർ കല്ലമ്പലം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

പൂട്ടിക്കിടക്കുന്ന ആശുപത്രിയുടെ പേരിൽ നാട്ടുകാരിൽ നിന്ന് ലക്ഷങ്ങൾ ഷെയർ വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഈ കെട്ടിടത്തിൽ ഡോ. താജുദ്ദീന്റെ ഉടമസ്ഥതയിൽ അറഫ ആശുപത്രി 2000 മുതൽ പ്രവർത്തിച്ചിരുന്നു. അഞ്ച് വർഷത്തോളം ആശുപത്രി നല്ല രീതിയിൽ പ്രവർത്തിച്ചു. തുടർന്ന് ഡോക്ടർക്ക് വിദേശത്ത് ജോലി ലഭിച്ച് പോയതോടെ പ്രദേശത്തെ ഒരു സംഘം മുസ്ലിം ലീഗ് പ്രവർത്തകർ പ്രസ്തുത കെട്ടിടം വാടകയ്‌ക്കെടുത്ത് സി.എച്ച്. മുഹമ്മദ് കോയ മെഡിക്കൽ കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ സൊസൈറ്റി ആക്ട് പ്രകാരം ടി.1938 നമ്പറായി രജിസ്റ്റർ ചെയ്തു. തുടർന്ന് രണ്ടു ഡോക്ടർമാരെയും നഴ്സുമാർ ഉൾപ്പെടെ ജീവനക്കാരെയും നിയമിച്ച് സ്വന്തം നിലയിൽ പ്രവർത്തനം തുടങ്ങി. എന്നാൽ, 2015 ജൂൺ മുതൽ ഈ സ്ഥാപനത്തിന്റെ പേരിൽ വ്യാപകമായി ഷെയർ പിരിക്കാൻ തുടങ്ങി.

നാവായിക്കുളം, കരവാരം, ഒറ്റൂർ, മണമ്പൂർ, പള്ളിക്കൽ പഞ്ചായത്തുകളിലെ പ്രവാസികളുൾപ്പെടെ നിരവധി പേരിൽ നിന്ന് 1 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെ ഷെയറായി സ്വീകരിച്ചു. കൈപ്പറ്റിയ തുകയ്ക്ക് രസീതും ഷെയർ സർട്ടിഫിക്കറ്റും നൽകി വിശ്വാസ്യതയും നേടിയെടുത്തു. സ്ഥാപനത്തിന്റെ ചെയർമാന്റെ നേതൃത്വത്തിലായിരുന്നു പിരിവ്. ഏകദേശം ഒരു വർഷം വരെ രണ്ട്  ഡോക്ടർമാരുമായി ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയെങ്കിലും അവർക്ക് ശമ്പളം മുടങ്ങിയതോടെ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു. ആശുപത്രി പൂട്ടിയതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. ആദ്യം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ സ്ഥാപിക്കും. തുടർന്ന് പത്തേക്കർ സ്ഥലം വാങ്ങി അത് മെഡിക്കൽ കോളേജായി ഉയർത്തും. ഷെയർ എടുത്ത നിക്ഷേപകരുടെ മക്കളെയോ ചെറു മക്കളെയോ പണമില്ലാതെ പഠിപ്പിക്കും. ഷെയർ ഹോൾഡർമാരുടെ കുടുംബത്തിൽ നിന്ന് മിനിമം ഒരു ഡോക്ടറെ വാർത്തെടുക്കും. കൂടാതെ ജോലി ആവശ്യമായവർക്കും തരാതരം പോലെ യോഗ്യത അനുസരിച്ച് ജോലിയും നൽകും എന്നിങ്ങനെ വൻ വാഗ്ദാനങ്ങളാണ് നൽകിയതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. ഇദ്ദേഹത്തിന്റെ വാഗ്ദാനങ്ങളിൽ കുരുങ്ങിയത് നാട്ടിലെ പ്രവാസികളും സാധാരണക്കാരുമാണ്. അഞ്ച് വർഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കാത്തതോടെയാണ് പരാതിയുമായി നാട്ടുകാർ മുന്നോട്ടുവന്നത്.

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണ് തട്ടികൂട്ട് കമ്പനിയും ഷെയർ പിരിവും സംഘടിപ്പിച്ചതെന്നാണ് ആരോപണം. പണം തിരികെ ചോദിച്ചവരോട് തങ്ങൾ വീണ്ടും ഷെയർ പിരിക്കുകയാണെന്നും തുക ലഭിക്കുന്ന മുറയ്ക്ക് ആദ്യ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നുമാണ് ചെയർമാൻ പറയുന്നത്. കേരളത്തിൽ മുസ്ലിം ലീഗ് ഉൾപ്പെടുന്ന യു.ഡി.എഫ് ഭരണം വന്നാൽ സി.എച്ചിന്റെ പേരിലുള്ള മെഡിക്കൽകോളേജ് സ്ഥാപിക്കുക തന്നെ ചെയ്യുമെന്നും യു.ഡി.എഫ് ഭരണം വരുന്നതോടെ ഈ സ്ഥാപനം പുഷ്ടിപ്പെട്ട് മെഡിക്കൽ കോളേജായി മാറുമെന്നുമുള്ള വാഗ്ദാനം കേട്ട് മടുത്തതോടെയാണ് പലരും പൊലീസിനെ സമീപിച്ച് തുടങ്ങിയത്. ഒരു ലക്ഷം രൂപ മുടക്കി 250 രൂപ വിലയുള്ള 400 ഓഹരി വാങ്ങിയ നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ഇതു സംബന്ധിച്ച് കല്ലമ്പലം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അറിയിച്ചു. പ്രതികരണത്തിനായി ചെയർമാനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.


By onemaly