തളിപ്പറമ്പ്: നടുവിലില്‍ ഇനി ജനങ്ങളുടെ പ്രസിഡന്റ്, ബേബി ഓടംപള്ളില്‍ അട്ടിമറിയിലൂടെ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റായി.
യു ഡി എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അലക്സ് ചുനയംമാക്കലിനെയാണ് എട്ടിനെതിരെ 11 വോട്ടുകള്‍ക്ക് ബേബി പരാജയപ്പെടുത്തിയത്.
ജനകീയ നേതാവ് ബേബി ഓടംപള്ളിലിനെ തളയ്ക്കാന്‍ എ ഗ്രൂപ്പ് കുതിരക്കച്ചവടത്തിലൂടെ ഐ ഗ്രൂപ്പുകാരനെ വിലക്കെടുത്തതായി ആക്ഷേപമുയര്‍ന്നിരുന്ന ഇവിടെ കോണ്‍ഗ്രസിന്റെ വിലകുറഞ്ഞ ഗ്രൂപ്പുകളിയാണ് കഴിഞ്ഞ 40 വര്‍ഷമായി തുടര്‍ന്നുവന്ന യു ഡി എഫ് ഭരണത്തിന് അന്ത്യം കുറിച്ചത്.
ഏഴ് സീറ്റുകളുണ്ടായിരുന്ന സി പി എം അവസാന നിമിഷമാണ് ബേബിയെ പിന്തുണക്കാന്‍ തീരുമാനിച്ചത്.
തനിക്കും കൂടെ നില്ക്കുന്ന രണ്ടു പേര്‍ക്കും വിപ്പ് ലഭിച്ചിട്ടില്ലെന്നും, അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് കൂറുമാറ്റനിയമം ബാധകമാവില്ലെന്നും ബേബി പറഞ്ഞു.
ഭാവിപരിപാടികള്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്നും ബേബി ഓടംപള്ളില്‍ ശ്രീകണ്ഠപുരം ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
2010 മുതല്‍ പഞ്ചായത്തംഗമായി തുടരുന്ന ബേബി പ്രസിഡന്റാവാതിരിക്കാന്‍ കോണ്‍ഗ്രസിലെ എ വിഭാഗം നടത്തിയ നീക്കങ്ങളാണ് ഭരണം തന്നെ നഷ്ടപ്പെടുത്തുന്ന നിലയിലേക്ക് എത്തിച്ചത്.
രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രയും ബേബിയെ പിന്തുണച്ചു. സത്യസന്ധനും ജനകീയനുമായ ബേബിയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ എ വിഭാഗം ഇരിക്കൂര്‍ എം എല്‍ എയുടെയും രണ്ട് പ്രമുഖ എ ഗ്രൂപ്പ് നേതാക്കളുടെയും നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഇതിനിടെ പുറത്തായിരുന്നു.
ഇന്നലെ മണ്ടളത്തെ വോട്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ബേബി ഓടംപള്ളില്‍ തീരുമാനം പ്രഖ്യാപിച്ചത്.
ഇരുന്നൂറിലേറെ പേര് യോഗത്തില്‍ പങ്കെടുത്തിരുന്നു. മലയോര മേഖലയിലെ പ്രമുഖ നേതാവും ഡി സി സി ജന.സെക്രട്ടറിയുമായ ബേബി കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോകുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയേക്കും.
ബേബിയോടൊപ്പം ഉണ്ടായിരുന്ന അംഗത്തെയാണ് എ ഗ്രൂപ്പ് ക്വാറിലോബിയുടെ സഹായത്തോടെ വിലക്കെടുത്തതെന്ന ആക്ഷേപം നിലനില്‍ക്കവെ ബേബിയുടെ വിജയം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മാറിയിരിക്കയാണ്