മോസ്കോ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇടംപിടിച്ച് കഴിഞ്ഞിട്ടുള്ളതാണ്. ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നിട്ട് പോലും അവിടെ നിന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കോവിഡിനെ പിടിച്ചുകെട്ടിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഈ കൊച്ചുകേരളം. ലോകത്തിലെ ഏറ്റവും സമ്ബന്ന രാജ്യമായ അമേരിക്ക വരെ
പരാജയപ്പെട്ടിടത്താണ് കോവിഡിനെ കേരളം പിടിച്ചുകെട്ടിയിരിക്കുന്നത്.
ഇപ്പോഴിതാ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് വീണ്ടും അന്താരാഷ്ട്ര പ്രശംസ ലഭിച്ചിരിക്കുകയാണ്. റഷ്യന്‍ വാര്‍ത്താചാനലാണ് കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന് മാതൃകയാണെന്നാണ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ‘മാതൃകാ സംസ്ഥാനം’ എന്നാണ് കേരളത്തെ ചാനല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
കൊവിഡ് രോഗവ്യാപനം തടയാന്‍ കേരളം തുടക്കം മുതല്‍ ആത്മാര്‍ഥമായി ശ്രമിച്ചുവെന്നും കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നുമാണ് അവതാരക പറഞ്ഞത്.
എഴുത്തുകാരനും ചരിത്രകാരനുമായി വിജയ് പ്രസാദ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ സര്‍ക്കാരും ആരോഗ്യമന്ത്രി കെ കെ ശൈലജയും ആവശ്യമായ മുന്‍കരുതല്‍ കേരളത്തില്‍ ആരംഭിച്ചു. ‘ജനസംഖ്യയുടെ പകുതിയിലധികവും സ്ത്രീകളാണ് കേരളത്തിലുള്ളത്. നല്ലൊരു ശതമാനം സ്ത്രീകളും കുടുംബശ്രീ കൂട്ടായ്മയില്‍ അംഗമാണ്. രോഗത്തെ പ്രതിരോധിക്കാന്‍ ട്രേഡ് യൂണിയനുകളും സന്നദ്ധസംഘടനകളും വനിതാ കൂട്ടായ്മകളും രംഗത്തിറങ്ങുകയും ചെയ്തെന്നും വിജയ് പ്രസാദ് അഭിപ്രായപ്പെട്ടു.
വൈറസിനെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഫലം കണ്ടു. അതുകൊണ്ടുതന്നെ രോഗബാധ തടയാനായെന്നും മരണം കുറക്കാനായെന്നും വിജയ് പ്രസാദ് പറഞ്ഞു.
ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് നിര്‍ബന്ധമുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും എല്ലാ തദ്ദേശസ്ഥാപനങ്ങളും കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചെന്നും ചാനല്‍ പറയുന്നു. കമ്മ്യൂണിറ്റി കിച്ചന് എന്ന ആശയം മറ്റൊരു ഭരണസംവിധാനത്തിനും തോന്നിയിട്ടില്ലെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.