Sat. Jan 23rd, 2021




തളിപ്പറമ്ബ് : നിങ്ങള്‍ക്ക് പരിചിതമല്ലാത്ത നമ്ബറില്‍ നിന്നും വാട്സാപ്പ് വീഡിയോകോള്‍ വന്നുവെങ്കില്‍ ചാടി കയറി എടുക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ഒന്ന് ഓര്‍ത്താല്‍ നന്ന്. ആ കോള്‍ നിങ്ങളെ കുടക്കാനുള്ള കെണിയാണ്. ഇപ്പോള്‍ പണം തട്ടാനുള്ള പുതിയ മാര്‍ഗമാണീ വാട്സാപ്പ് വീഡിയോകോള്‍.

അതായത് അപരിചിതമായ നമ്ബറില്‍നിന്ന് വീഡിയോകോള്‍ വിളിച്ച്‌ അശ്ലീലത പ്രദര്‍ശിപ്പിച്ച്‌ പണംതട്ടുന്ന രീതിയാണ് നടക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഇത്തരം തട്ടിപ്പിന് നിരവധിപേര്‍ ഇരകളായതായാണ് വിവരം. ഇനി തട്ടിപ്പ് നടക്കുന്നത് എങ്ങനെയെന്ന് പറയാം.

നിങ്ങളുടെ ഫോണിലേക്ക് വരുന്ന വാട്സാപ്പ് വീഡിയോകോള്‍ നിങ്ങള്‍ എടുക്കുന്ന നിമിഷം തട്ടിപ്പുസംഘം മറുതലയ്ക്കല്‍ അശ്ലീലത പ്രദര്‍ശിപ്പിക്കുന്നു. കോളിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പിന്നീട് ആ വീഡിയോയില്‍ കോള്‍ എടുത്തയാളുടെ മുഖമുള്‍പ്പെടെ എഡിറ്റുചെയ്ത് ചേര്‍ത്ത് അശ്ലീലവീഡിയോ നിര്‍മിക്കും.

ഇത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മെസഞ്ചര്‍ വഴി തട്ടിപ്പിനിരയായ വ്യക്തിയുടെ അടുത്തബന്ധുവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തും. ആവശ്യപ്പെടുന്ന പണം കൊടുത്തില്ലെങ്കില്‍ ഫെയ്സ്ബുക്കിലെ മറ്റ് സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.

ഇത്തരത്തില്‍ കണ്ണൂര്‍ തളിപ്പറമ്ബില്‍ വീഡിയോകോള്‍ അറ്റന്‍ഡ് ചെയ്ത് ചതിയില്‍ അകപ്പെട്ട കോളേജ് വിദ്യാര്‍ഥിയില്‍നിന്ന് 4000 രൂപ സംഘം കൈക്കലാക്കിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണംതട്ടുന്ന സംഘവും സജീവമാണ്.

കെണിയില്‍പ്പെട്ട പലരും ഭീഷണിക്ക് വഴങ്ങി ആവശ്യപ്പെടുന്ന പണം നല്‍കുന്നു. 20,000 രൂപമുതല്‍ ഒരുലക്ഷംവരെ ഇത്തരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.ഗഡുക്കളായി ആവശ്യപ്പെട്ട മുഴുവന്‍ പണവും നല്‍കുന്നതുവരെ ഭീഷണി തുടരും. ഫെയ്സ്ബുക്കില്‍ നല്‍കിയ ഫോണ്‍നമ്ബര്‍ ഉപയോഗിച്ചാണ് വീഡിയോകോള്‍ ചെയ്യുന്നത്.






By onemaly