കണ്ണൂർ: ജില്ലാ പോലീസ് ഞായറാഴ്ച 50 ഇടങ്ങളിലായി നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ ഒട്ടേറെപ്പേർ പിടിയിലായി. 27 പോലീസ് സ്റ്റേഷൻ പരിധികളിലായി പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ 27 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ചൊക്ലി (1), ധർമടം (1) എടക്കാട് (1), കണ്ണൂർ സിറ്റി (2) എന്നീ സ്റ്റേഷനുകളിലാണ് അറസ്റ്റ് നടന്നത്. ഇവരിൽനിന്ന് ഇത്തരം വെബ് സൈറ്റുകൾ സന്ദർശിച്ചതിനും വീഡിയോ ഡൗൺ ലോഡ് ചെയ്തതിനുമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചു.
ഫോണുകൾ,‚ ലാപ്ടോപ്പ്, കംപ്യൂട്ടർ എന്നിവ പോലീസ് പിടികൂടി പരിശോധിച്ചു വരികയാണ്. സാമൂഹികമാധ്യമങ്ങൾ വഴിയും ഓൺലൈൻ വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇൻറർപോളുമായി സഹകരിച്ചാണ് കേരളാ പോലീസ് പീ-ഹണ്ട് നടത്തിയത്