Fri. Jan 22nd, 2021




തളിപ്പറമ്പ്: കുടിയാന്‍മലയില്‍ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആക്കാട്ട് ജോസ് ആണ് പിടിയിലായത്. പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. അതേസമയം, പ്രതിക്കായി പോലിസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് കേസ് അട്ടിമറിക്കുന്നുവെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. നവംബര്‍ 19നാണ് അയല്‍ക്കാരനായ ആക്കാട്ട് ജോസിനെതിരേ കുട്ടിയുടെ കുടുംബം കുടിയാന്‍മല പോലിസില്‍ പരാതി നല്‍കിയത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കടന്ന് 12കാരിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി വിശദമായ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് കുടുംബം പരാതിയുമായി തളിപ്പറമ്പ് ഡിവൈ.എസ്.പിയെ സമീപിക്കുകയായിരുന്നു. ഡിവൈ.എസ്.പിയും കണ്ണൂര്‍ എസ്.പിയും ഇടപെട്ട് ഉടന്‍ അറസ്റ്റുണ്ടാകണമെന്ന് കുടിയാന്‍മല പോലിസിന് നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.






By onemaly