Sat. Jan 23rd, 2021




പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്‌മ മറിയം റോയ്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്‌മ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. രേഷ്‌മ മത്സരിച്ച 11-ാം വാര്‍ഡ് കഴിഞ്ഞ മൂന്ന് ടേമുകള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഇത്തവണ രേഷ്‌മ കോണ്‍ഗ്രസില്‍ നിന്ന് ഈ സീറ്റ് പിടിച്ചെടുത്തു. 70 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഷ്‌മ വിജയിച്ചത്.

രേഷ്‌മയെ തേടി മറ്റൊരു സന്തോഷം കൂടി വന്നെത്തിയിരിക്കുന്നു. അരുവാപ്പുലം പഞ്ചായത്ത് ഭരണം ഇനി രേഷ്‌മയിലൂടെ. യുഡിഎഫില്‍ നിന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത എല്‍ഡിഎഫ് രേഷ്‌മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതി രേഷ്‌മയ്‌ക്ക് സ്വന്തം.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടി ഒ മോഹനന്‍ മേയറാവും; യുഡിഎഫ്‌ നറുക്കെടുപ്പ്‌ കഴിഞ്ഞു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 21-ാം ജന്മദിനം വരെ കാത്തിരിക്കേണ്ടിവന്ന സ്ഥാനാര്‍ഥിയാണ് രേഷ്‌മ. നവംബര്‍ 18 നാണ് രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുന്‍പായിരുന്നു ജന്മദിനം. 21 വയസ് തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

കോന്നി വിഎന്‍എസ് കോളേജില്‍ നിന്ന് ബിബിഎ പൂര്‍ത്തിയാക്കിയ രേഷ്‌മ എസ്‌എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. തുടര്‍ പഠനത്തെ കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കുമ്ബോഴാണ് രേഷ്‌മയെ തേടി ‘തിരഞ്ഞെടുപ്പ് പരീക്ഷ’ എത്തുന്നത്. പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടില്‍ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രേഷ്‌മ. നിലവില്‍ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.






By onemaly