തിരുവനന്തപുരം: ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ ദുരൂഹത അതിവേഗത്തില്‍ അഴിച്ചത് മരണത്തില്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടായ സംഭയം. പ്രായക്കൂടുതല്‍ പ്രശ്നമാക്കാതെ ശാഖയെ വിവാഹം കഴിച്ച അരുണ്‍ കണ്ണുവെച്ചത് കോടികള്‍ വരുന്ന അവരുടെ സ്വത്തുവഹകളിലായിരുന്നു. അതിനു വേണ്ടി തന്നെയായിരുന്നു അരുണ്‍ ഈ പ്രണയബന്ധം നീട്ടിക്കൊണ്ടു പോയതും ഒടുവില്‍ വിവാഹത്തില്‍ എത്തിച്ചതും. ക്രൂരമായി പദ്ധതിയായിരുന്നു അരുണിന്റേത്. പ്രായംകൂടിയ ഭാര്യ സ്വാഭാവികമായി മരിച്ചാല്‍ തനിക്ക് സ്വത്തുക്കല്‍ കൈവശപ്പെടുത്താം എന്നതായിരുന്നു അരുണിന്റെ പദ്ധതി. അതിന് വേണ്ടിയാണ് ഷോക്കടിപ്പിച്ചുള്ള മരണം പ്ലാന്‍ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കൊലപാതകത്തിന് കൃത്യമായ പദ്ധതി ഉണ്ടായിരുന്നെങ്കിലും പൊലീസിന്റെ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ 28കാരനായ ഭര്‍ത്താവ് കുറ്റം സമ്മതിക്കുകയായിരുന്നു. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുണ്‍ ആദ്യം പറഞ്ഞത്. രണ്ടുമാസം മുന്‍പ് മതാചാര പ്രകാരമായിരുന്നു വിവാഹം. പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നുകയായിരുന്നു. സ്വത്തും സൗകര്യങ്ങളും ഉണ്ടെങ്കിലും പ്രായംകൂടിയ ഭാര്യയുമായി പുറത്തുപോകുമ്ബോള്‍ അടക്കം നാട്ടുകാര്‍ കളിയാക്കുന്ന അവസ്ഥയാണ് അരുണിനെ കൊലയാളി ആക്കിയത്.
സാധാരണ ഗതിയില്‍ സ്ത്രീധനമാണ് വിവാഹത്തില്‍ ചര്‍ച്ചയാകുന്നതെങ്കില്‍ അരുണിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമായിരുന്നു. ഇയാല്‍ പത്ത് ലക്ഷത്തോളം രൂപയാണ് ശാഖയില്‍ നിന്നും സ്വന്തമാക്കിയത്. പരേതനായ അദ്ധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്. ഈ കോടികളുടെ സ്വത്തുകളിലായിരുന്നു അരുണിന്റെ കണ്ണ്. ശാഖയെ ഒഴിവാക്കിയാല്‍ അടിച്ചു പൊളിക്കാമെന്നായിരുന്നു ഇയാളുടെ കരുതല്‍.
അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുന്‍കയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുണ്‍ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാര്‍ക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ നാട്ടുകാര്‍ക്കു ചില സംശയങ്ങളുണ്ടായിരുന്നു. 10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പു വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഇവര്‍ പഞ്ചായത്ത് ഓഫിസില്‍ പോയിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
വിവാഹഫോട്ടോ ശാഖ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത് പ്രകോപനത്തിനിടയാക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം, ഇരുവരും തമ്മിലുണ്ടായ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നാല് വര്‍ഷം മുമ്ബ് അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ശാഖയും അരുണും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് അടുപ്പമായി വളര്‍ന്നു. ഫോണ്‍വഴിയായിരുന്നു ഇവര്‍ ബന്ധം ഊട്ടിയുറപ്പിച്ചത്. പിന്നീട് തമ്മില്‍ കാണുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായരുന്നു. എന്നാല്‍ 28-കാരനുമായുള്ള വിവാഹത്തിന് ശാഖയുടെ ബന്ധുക്കള്‍ എതിര്‍പ്പറിയിച്ചു. പക്ഷേ, വിവാഹക്കാര്യത്തില്‍ ശാഖ ഉറച്ചുനിന്നതോടെ മതാചാരപ്രകാരം തന്നെ വിവാഹം നടത്തുകയായിരുന്നു.
എട്ടേക്കറോളം ഭൂമിയും മറ്റു കുടുംബസ്വത്തുക്കളും ശാഖയുടെ പേരിലുണ്ട്. ഒരു റബ്ബര്‍ തോട്ടം ലീസിന് നല്‍കിയതിലൂടെ ലഭിച്ച നാല് ലക്ഷം രൂപ കൊണ്ടാണ് ശാഖ വിവാഹം നടത്തിയത്. ഇതിന് പുറമേ ലക്ഷങ്ങള്‍ അരുണിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഒരു കാറും വാങ്ങിച്ചുനല്‍കി.
ക്രിസ്മസ് ദിവസം രാത്രി 10 മണി വരെ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ശാഖയുടെ വീട്ടിലുണ്ടായിരുന്നു. ഭക്ഷണമെല്ലാം കഴിച്ചാണ് ഇവര്‍ മടങ്ങിയത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ശാഖയ്ക്ക് ഷോക്കേറ്റെന്ന് അരുണ്‍ ബന്ധുക്കളെയും അയല്‍ക്കാരെയും വിവരമറിയിക്കുന്നത്.
ക്രിസ്മസ് ട്രീയിലെ അലങ്കാര വിളക്കുകള്‍ ശരീരത്തിലാകെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നനിലയിലാണ് ശാഖയെ ഇവര്‍ കണ്ടത്. ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം നാല് മണിക്കൂര്‍ മുമ്ബ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. തുടര്‍ന്ന് പൊലീസ് എത്തി അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ക്രിസ്മസ് വിളക്കുകള്‍ തൂക്കാനെടുത്ത കണക്ഷന് രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലര്‍ച്ചെ ശാഖ ഇതില്‍ സ്പര്ശിച്ചപ്പോള് ഷോക്കേറ്റെന്നുമായിരുന്നു അരുണ്‍ ഏവരോടും പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങി. അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കും ഒരുങ്ങി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും കെഎസ്ഇബിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ശാഖയുടെ മൃതദേഹം ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഞായറാഴ്ചയാകും പോസ്റ്റുമോര്‍ട്ടം. 51 കാരിയെ ഇരുപത്തിയെട്ടുകാരന് കല്യാണം കഴിക്കുന്നു. അപൂര്‍വമായ ആ വിവാഹബന്ധം രണ്ട് മാസം പിന്നിടുമ്ബോഴേക്കും ക്രൂരമായ കൊലയിലേക്കെത്തുന്നു. കാരക്കോണത്തിനടുത്ത് ത്രേസ്യാപുരം എന്ന ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുക്കമിതാണ്.