Sun. Jan 17th, 2021




തിരുവനന്തപുരം: ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകും. മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21 വയസുളള ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു.

ആള്‍ സെയിന്റ്സ് കോളേജിലെ ബി എസ് സി മാത്‌സ് വിദ്യാര്‍ത്ഥിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്. ഇലക്‌ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയ ജമീല ശ്രീധര്‍ മേയറാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും നറുക്ക് വീണത് ആര്യയ്‌ക്കായിരുന്നു. നഗരത്തില്‍ പൊതുസമ്മതിയുളള മുഖം മേയറായി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ മുമ്ബ് വി കെ പ്രശാന്തിനെ മേയറാക്കിയപ്പോള്‍ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സി പി എം കണക്ക് കൂട്ടുന്നത്. രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും.






By onemaly