മുംബൈ : കോവിഡ് മഹാമാരിക്ക് പ്രതിവിധിയായുള്ള വാക്സിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ലോകം മുഴുവന്‍. എന്നാല്‍ വാക്സിന് എത്തിക്കഴിഞ്ഞപ്പോള്‍ പന്നിയിറച്ചി ജെലാറ്റിന്‍ അടങ്ങിയ വാക്സിന് ഒരു മുസ്ലിമിനും നല്കാന് കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുസ്ലിം പണ്ഡിതര്‍. ബുധനാഴ്ച മുംബൈയില്‍ നടന്ന സുന്നി മുസ്ലിം പണ്ഡിതരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പന്നിയിറച്ചി ജെലാറ്റിന്‍ അടങ്ങിയിരിക്കുന്ന വാക്സിന് ഹറാം അല്ലെങ്കില്‍ മുസ്ലിങ്ങള്‍ക്ക് വിലക്കപ്പെട്ടതാണെന്ന് പണ്ഡിതരുടെ ചര്‍ച്ചയില്‍ തീരുമാനിച്ചു.
ഇസ്ലാമിക് നിയമങ്ങളെ പരാമര്‍ശിച്ച് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ ഉലമ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതരാണ് യോഗം വിളിച്ച് ചേര്‍ത്തത്. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതില്‍ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും യോഗത്തിന് ശേഷം അവര്‍ തീരുമാനിച്ചു.
‘പന്നിയുടെ ഒരു രോമം കിണറ്റില്‍ വീണാല്‍ ആ കിണറ്റില്‍ നിന്നുള്ള വെള്ളം മുസ്ലിങ്ങള്‍ക്ക് നിരോധിക്കപ്പെട്ടത് ആണ്. പന്നിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയതാണ് ചൈനീസ് വാക്സിന് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുസ്ലിങ്ങള്‍ക്ക് പന്നി ഹറാം ആണ്. പന്നിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ വാക്സിന് അനുവദിക്കാന്‍ കഴിയില്ല’ – യോഗത്തിനു ശേഷം തീരുമാനം അറിയിച്ചു കൊണ്ട് റാസ അക്കാദമി സെക്രട്ടറി – ജനറല്‍ സയീദ് നൂറി പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ ഉണ്ടാക്കിയതോ ഉപയോഗിക്കാന്‍ ഉത്തരവിടുന്നതോ ആയ കോവിഡ് വാക്സിനില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതിന്റെ ഒരു പട്ടിക സര്‍ക്കാര്‍ മുസ്ലിം പണ്ഡിതര്‍ക്ക് നല്‍കണമെന്നും നൂറി പറഞ്ഞു.
അതേസമയം, അമേരിക്കയിലെ പശുവിന്റെ രക്തത്തില്‍ നിന്ന് നിര്‍മ്മിച്ച കോവിഡ്ഫ വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കരുതെന്ന് അഖില്‍ ഭാരത് ഹിന്ദു മഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ മതം നശിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് വിശേഷിപ്പിച്ച സ്വാമി ചക്രപാണി, പശു മൂത്രം അല്ലെങ്കില്‍ ചാണകം ഉപയോഗിക്കുന്ന വാക്സിനോ മരുന്നോ ഹിന്ദുക്കള്‍ക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞു.