കണ്ണൂര്‍: ഓണ്‍ലൈനിലൂടെ കണ്ണൂരിലെ വ്യാപാരിയില്‍ നിന്ന് 40000 രൂപ കൈക്കലാക്കിയ തട്ടിപ്പുകാരനെ കുടുക്കി യുവാവ് . സാങ്കേതിക വൈദഗ്ധ്യം കൊണ്ട് തട്ടിപ്പുകാരനെ കണ്ടെത്തിയ കണ്ണൂര്‍ മാതമംഗലം സ്വദേശി അഫ്സല് ഹുസൈന് ഇപ്പോള്‍ നാട്ടിലെ താരമാണ്. കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാതമംഗലം ഫുഡ് പാലസ് ഉടമ പി ഷബീറിനെയാണ് ഉത്തരേന്ത്യന്‍ സ്വദേശി കമ്ബളിപ്പിച്ചത്. സൈനികനാണ് എന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരന് 4200 രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഗൂഗിള്‍ പേ വഴി പണം അടയ്ക്കണമെന്നും ഭക്ഷണം ശേഖരിക്കാന്‍ മറ്റൊരാളെ അയക്കാം എന്നും പറഞ്ഞു.
– പിന്നീട് വിളിച്ച് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നില്ലെന്നും എടിഎം കാര്‍ഡ് നമ്ബര്‍ തരണമെന്നും ആവശ്യപ്പെട്ടു. ധാരാളം ഉത്തരേന്ത്യന്‍ കസ്റ്റമഴ്സ് ഉള്ള ഷബീര്‍ തട്ടിപ്പുകാരനെ പൂര്‍ണമായും വിശ്വസിച്ചു. ബന്ധുവും വസ്ത്ര വ്യാപാരിയായ ഒ പി ഇബ്രാഹിംകുട്ടിയുടെ എടിഎം കാര്‍ഡ് നമ്ബര്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. അതിനുശേഷം ഫോണിലേക്ക് വന്ന ഒടിപി നമ്ബറും ചോദിച്ചു. ഒ ടി പി നമ്ബര്‍ നല്‍കിയതോടെ അക്കൗണ്ടില്‍നിന്ന് നാല്പതിനായിരം രൂപ നഷ്ടമായി.
–
പെട്ടെന്നുതന്നെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഇബ്രാഹിം കുട്ടിയും ഷബീറും സുഹൃത്തായ അഫ്സലിനെ കാണുകയായിരുന്നു. കേരള പൊലീസിന്റെ സൈബര്‍ഡോം കൂട്ടായ്മയില്‍ അംഗം കൂടിയാണ് അഫ്സല്. പൊലീസില്‍ പരാതി നല്‍കിയശേഷം അഫ്സല് സ്വന്തം നിലയ്ക്കും അന്വേഷണം ആരംഭിച്ചു. ഒരു പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഉത്തരേന്ത്യന്‍ സ്വദേശി പൂനെയില്‍ നിന്ന് തട്ടിപ്പ് നടത്തിയതെന്ന് അഫ്സലിന് അന്വേഷണത്തില്‍ വ്യക്തമായി.
–
ആപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. തട്ടിപ്പിന് പിന്നില്‍ രാജസ്ഥാന് സ്വദേശിയായ വിക്രം ആണെന്ന് ഇതോടെയാണ് കണ്ടെത്തിയത്. ഇയാള്‍ പണം കൈപ്പറ്റിയ അക്കൗണ്ടില്‍നിന്ന് രാജസ്ഥാനിലെ വീടിന്റെ കറണ്ട് ബില്ല് അടച്ചിരുന്നു. ബന്ധുവിന്റെ ഫോണ്‍ റീചാര്‍ജും ചെയ്തിരുന്നു.തട്ടിയെടുത്ത പണം പോയ മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങളും അഫ്സല് കണ്ടെത്തി. തുടര്‍ന്ന് “തട്ടിപ്പുകാരനെ ഫോണില്‍ ബന്ധപ്പെട്ടു. തട്ടിപ്പ് നടത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും , തട്ടിപ്പുകാരന് നില്ക്കുന്ന സ്ഥലത്തിന്റെ ഗൂഗിള്‍ ലൊക്കേഷനും അങ്ങോട്ടു വാട്സാപ്പില്‍ ഇട്ടുകൊടുത്തു” അഫ്സല് ന്യൂസ് 18 നോട് പറഞ്ഞു
–
തന്നെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അഫ്സല് ശേഖരിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയ വിക്രം കീഴടങ്ങുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്നും പണം തിരിച്ചു നല്‍കാമെന്നും അപേക്ഷിച്ചു. മുപ്പതിനായിരം രൂപ അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തു. ബാക്കി 10000 ഉടന്‍തന്നെ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
“അന്വേഷണത്തില്‍ വിക്രം മറ്റുപലരും കബളിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. അത് കൊണ്ട് പണം തിരികെ കിട്ടിയാലും കേസ് പിന്‍വലിക്കേണ്ട എന്നാണ് നിലപാട്” ഫുഡ് പാലസ് ഉടമ ന്യൂസ് 18 നോട് വ്യക്തമാക്കി. ദുബായില്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അഫ്സല് നാട്ടില്‍ ഇപ്പോള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.