തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയില്‍ വിചാരണയില്‍ നിന്ന് രക്ഷപെട്ടത് സി.ബി.ഐയിലെ ഒരു എസ്.ഐയുടെ പിഴവുകാരണം. വിചാരണ കൂടാത പൂതൃക്കയിലിനെ വിട്ടയച്ചതിനെതിരെ സി.ബി.ഐ ഉടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.അഭയ കൊല്ലപ്പെട്ട കോണ്‍വെന്റിന് എതിര്‍വശത്തെ ജറുസലേം ചര്‍ച്ചിലെ നൈറ്റ് വാച്ച്മാനായിരുന്ന ചെല്ലമ്മദാസ് സി.ബി.ഐക്ക് നല്കിയ മൊഴി പൂതൃക്കയിലിന് എതിരായിരുന്നു. അഭയ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് പൂതൃക്കയിലെന്ന് കരുതുന്നയാള്‍ സ്കൂട്ടറിലെത്തി കോണ്‍വെന്റിന്റെ മതില് ചാടിക്കടക്കുന്നത് കണ്ടതായാണ് മൊഴി. കുറേ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടതായും മൊഴിയുണ്ടായിരുന്നു. എന്നാല്‍ അഭയ കൊല്ലപ്പെട്ട ദിവസമാണോ പൂതൃക്കയിലിനെ കണ്ടതെന്ന് മൊഴി രേഖപ്പെടുത്തിയ സി.ബി.ഐ എസ്.ഐ ചോദിച്ചറിഞ്ഞില്ല. 2014ല്‍ ചെല്ലമ്മദാസ് മരിച്ചു. അതിനാല്‍ അദ്ദേഹത്തെ വിചാരണ നടത്താനായില്ല. തീയതി രേഖപ്പെടുത്താതിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ പിഴവ് പൂതൃക്കയില്‍ കോടതിയില്‍ ചോദ്യംചെയ്തു. വിചാരണ കൂടാതെ പൂതൃക്കയിലിനെ വിട്ടയയ്ക്കാന് വിചാരണക്കോടതി ഉത്തരവിട്ടു. രണ്ടു പേരെ കോണ്‍വെന്റില്‍ കണ്ടതായി അവിടെ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവും മൊഴി നല്‍കിയിരുന്നു. പക്ഷേ പൂതൃക്കയിലിനെതിരായ തെളിവുകള്‍ സമര്‍ത്ഥിക്കാന്‍ അന്നത്തെ പ്രോസിക്യൂട്ടറും പരാജയപ്പെട്ടു
പൂതൃക്കയിലിനെ വിട്ടയച്ചതിനെതിരെ ജോമോന് അപ്പീല്‍ ഫയല്‍ ചെയ്തെങ്കിലും സി.ബി.ഐയാണ് ഫയല്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വിധിച്ചു. പിന്നീട് സി.ബി.ഐ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ ജോമോന്റെ ഹര്‍ജിയുണ്ടെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റില്‍ ഉണ്ടായിരുന്നതായി നാര്‍ക്കോ അനാലിസിസ് പരിശോധനയില്‍ ജോസ് പൂതൃക്കയില്‍ വെളിപ്പെടുത്തിയിരുന്നതായി രേഖയുണ്ട്. എന്നാല്‍, പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ സമ്മത പ്രകാരവും അഭിഭാഷകന്റെ സാന്നിദധ്യത്തിലും വേണം പരിശോധന നടത്തേണ്ടതെന്ന സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍ ശാസ്ത്രീയ പരിശോധനാ ഫലം തെളിവായി കോടതി സ്വീകരിച്ചില്ല. 2008ലാണ് പ്രതികളുടെ അറസ്റ്റുണ്ടായത്. 2009ല്‍ നാര്‍ക്കോ അനാലിസിസ് നടത്തി. സുപ്രീംകോടതി മാനദണ്ഡം പുറത്തിറക്കിയത് 2010ലായതിനാല്‍ അഭയാ കേസില്‍ ബാധകമല്ലെന്നും വാദമുണ്ട്.