Sat. Jan 16th, 2021




പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വീണ്ടും ഭൂരിപക്ഷം ലഭിച്ചതിനെതുടര്‍ന്ന് പാലക്കാട് നഗരസഭകെട്ടിടത്തില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയ സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ആഹ്ളാദ പ്രകടനത്തിന്റെ ഭാഗമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ജയ് ശ്രീ റാം ബാനര്‍ തൂക്കിയത്. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പാലക്കാട്ട് വച്ച്‌ പിടിയിലായത്. നാലുപേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ നഗരസഭാ മന്ദിരത്തില്‍ കയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം ഫ്ലക്‌സ് തൂക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭരണഘടനാ സ്ഥാപനമായ മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും ‘ജയ് ശ്രീറാം’ എന്ന ബാനര്‍ ചുവരില്‍ വിരിക്കുകയും ചെയ്തു എന്ന നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്.

ജയ്ശ്രീ റാം ബാനര്‍ തൂക്കിയതില്‍ പ്രതിഷേധിച്ച്‌ നഗരസഭാ കെട്ടിടത്തില്‍ ഡി.വൈ.എഫ്.‌ഐ പ്രവര്‍ത്തകര്‍ ദേശീയപതാകയും ഉയര്‍ത്തിയിരുന്നു.






By onemaly