സിസ്റ്റര്‍ അഭയ കേസിലെ മുഖ്യസാക്ഷിയായ രാജുവിന്റെ വാക്കുകളെ നീതിവാക്യങ്ങളെന്ന് വിശേഷിപ്പിച്ച് പ്രശസ്ത സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം. കേസില്‍ പലരും കൂറുമാറിയെങ്കിലും തന്റെ മൊഴിയില്‍ ഉറച്ചുനിന്ന രാജു മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണം ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകളെ ‘നീതിവാക്യങ്ങള്‍’ എന്ന് സുനില്‍ പി. ഇളയിടം വിശേഷിപ്പിച്ചത്. കേസിലെ മൂന്നാം സാക്ഷിയായിരുന്ന രാജുവിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു പ്രതികളെ കണ്ട കാര്യം തുറന്നു പറഞ്ഞത് കേസില്‍ നിര്‍ണായകമായി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
നീതിവാക്യങ്ങള്‍ :
‘3 സെന്റ് കോളനിയിലാ ഞാന്‍ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാന്‍ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെണ്മക്കളുണ്ട്. ഇത്രം വളര്‍ത്തിട്ട് പെട്ടെന്ന് അവര്‍ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും ? ഞാന്‍ എന്റെ പെണ്മക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്.
ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ ? ആ കുഞ്ഞിന്റെ അപ്പന്റ സ്ഥാനത്ത് നിന്നാണ് ഞാന്‍ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാന്‍ ഹാപ്പിയാണ്…..’: അടയ്ക്കാ രാജു