Sat. Jan 23rd, 2021




തൃശ്ശൂര്‍: ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി നേതാവ്. ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കേശവദാസാണ് ​ഗോപാലകൃഷ്ണന്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നു എന്ന് കാട്ടി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. കുട്ടന്‍കുളങ്ങരയില്‍ തോറ്റത് താന്‍ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമുഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ചാണ് കേശവദാസ് പരാതി നല്‍കിയിരിക്കുന്നത്.

കേശവദാസിന്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടന്‍കുളങ്ങരയില്‍ മത്സരിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌ ലളിതാംബിക ബിജെപിയില്‍ നിന്ന് രാജി വെച്ചിരുന്നു. ജയിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോയാണ് ​ഗോപാലകൃഷ്ണന്‍ പ്രചരിപ്പിച്ചത്. തന്റെ കുടുംബം കാരണമാണ് തോറ്റതെന്ന് പ്രചരിപ്പിക്കാന്‍ ഫോട്ടോ ദുരുപയോ​ഗം ചെയ്യുകയാണെന്നാണ് കേശവദാസ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ബിജെപി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. 2015-ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഐ ലളിതാംബിക വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ട് വര്‍ദ്ധിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ ഡിവിഷനില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു.






By onemaly