തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിന് വേണ്ടി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡായ ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി പൊലീസ് ഡേറ്റാ ബേസ് തയ്യാറാക്കി. 350 പേര്‍ക്കെതിരായ വിവരങ്ങളും തെളിവുകളും ഉള്‍പ്പെടുത്തിയാണ് ഡേറ്റാ ബേസ് തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനായുള്ള കേരള പൊലീസിന്റെ കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ളോയിറ്റേഷന്‍ സെന്റര്‍ ആണ് ഡേറ്റാ ബേസിന് പിറകില്‍. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി ഒക്ടോബറില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഐ.ടി വിദഗ്ദ്ധരടക്കം 41 പേര് അറസ്റ്റിലായിരുന്നു.
ഡാര്‍ക്ക് നെറ്റ് സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളിലും കുട്ടികളുടെ ലൈംഗിക ചൂഷണ ചിത്രങ്ങളും ദൃശ്യങ്ങളും അപ്ലോഡ് ചെയ്യുന്നവരാണ് ഡേറ്റാ ബേസിലുള്ളത്. ഇവരില്‍ പകുതിയും മുമ്ബും സമാന കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരാണ്. ശേഷിക്കുന്നവര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടവരാണ്.
കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് സൈബര്‍ഡോമിന്റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്തേര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങളുണ്ടായത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഐടി സെക്യൂരിറ്റി സൊല്യൂഷന്‍സ് പ്രൊവൈഡറായ കെ7 കമ്ബ്യൂട്ടിംഗിന്റെ കണക്ക് അനുസരിച്ച് രണ്ടായിരത്തോളം സൈബര്‍ കുറ്റകൃത്യങ്ങളാണ് ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലുണ്ടായത്. പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിച്ച് ഇത്തരം സൈറ്റുകളുടെ ഐ.പി വിലാസം ശേഖരിക്കുകയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അത്തരം ചിത്രങ്ങള്‍ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുകയുമാണ് പൊലീസ് ചെയ്യുന്നത്. ഇതിനുപുറമെ ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോ (എന്‍.സി.ആര്.ബി വഴി) ലഭിച്ച റിപ്പോര്‍ട്ടുകളും വിശകലനം ചെയ്താണ് പൊലീസ് നടപടികള്‍ സ്വീകരിക്കുന്നത്.
പുതിയ സൈബര്‍ ആയുധങ്ങള്‍
അതേസമയം, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായം തേടുന്നത് പൊലീസിന് വലിയ തലവേദനയായിട്ടുണ്ട്. പൊലീസിന്റെ പട്ടികയിലുള്ള കുറ്റവാളികള്‍ എല്ലാം തന്നെ തങ്ങളുടെ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഫോര്‍മാറ്റ് ചെയ്യുന്നതിനാല്‍ പൊലീസിന് ഇവരെ പിന്തുടര്ന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ബാല ലൈംഗിക ചൂഷണങ്ങളുടെ ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ചാറ്റ് റൂമുകള്‍ പൊലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.