തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുള്ള സ്ത്രീകളെ തെരഞ്ഞുപിടിച്ച് ദോഷം മാറ്റുന്നതിനുള്ള പൂജ ചെയ്തുനല്‍കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും വാങ്ങി മുങ്ങുന്ന വ്യാജസിദ്ധന് പിടിയിലായി.
കന്യാകുളങ്ങര പെരുങ്കൂര്‍ ഇടത്തറ ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപം ശ്രീനിലയം വീട്ടില്‍ അഭിമന്യുവിനെയാണ് (19) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടുവരെ മാത്രം വിദ്യാഭ്യാസമുള്ള പ്രതി പൂണൂല് ധരിച്ച് ബ്രാഹ്മണന് ആണെന്നും പത്മനാഭസ്വാമിക്ഷേത്രം തന്ത്രിയാണെന്നും തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രപരിസരങ്ങളില്‍ തന്ത്രി വേഷത്തില്‍ കറങ്ങിനടന്ന് ഇരകളെ കണ്ടെത്തി തട്ടിപ്പുകള്‍ നടത്തിവരികയായിരുന്നു.
കൂടാതെ ഇരകളെ കണ്ടെത്തുന്നതിനായി പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്ന ഇയാള്‍ പരസ്യം കണ്ട് ഫോണില്‍ ബന്ധപ്പെടുന്നവരെ വാക്ചാതുരിയില് വീഴ്ത്തിയും അല്ലാത്തവരോട് ഗൃഹനാഥന് അകാലമൃത്യു ഉണ്ടാകുമെന്ന് ഭയപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് പരിഹാരമായി ഏലസും കര്‍മങ്ങളും ചെയ്തുതരാമെന്ന് പറഞ്ഞ് സ്വര്‍ണാഭരങ്ങളും പണവും വാങ്ങി മുങ്ങുകയാണ് രീതി. വിതുര സ്വദേശിയായ വീട്ടമ്മയില്‍നിന്ന് ഒന്നരപവന്‍ തൂക്കം വരുന്ന മൂന്ന് സ്വര്‍ണമോതിരങ്ങളും 13,000 രൂപയും വാങ്ങിയതായുള്ള പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഫോര്‍ട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ട് എ.സി.പി പ്രതാപന് നായരുടെ നിര്‍ദേശാനുസരണം ഫോര്‍ട്ട് എസ്.എച്ച്.ഒ രാകേഷ്. ജെ, എസ്.ഐമാരായ സജു എബ്രഹാം, സെല്‍വിയസ് രാജ്, സി.പി.ഒമാരായ ബിനു, വിനോദ്, പ്രമോദ്, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.