Mon. Sep 28th, 2020




ന്യൂഡല്‍ഹി: അറബ് സ്ത്രീകളെ പറ്റി അങ്ങേയറ്റം അപമാനകരമായ രീതിയില്‍ ബി.ജെ.പി എം.പി തേജസ്വി സൂര്യ 2015ല്‍ ട്വീറ്റ് ചെയ്ത ഒരു കുറിപ്പ് അടുത്തിടെയാണ് വിവാദത്തില്‍ പെട്ടത്. ശതാബ്ദങ്ങളായി 95 ശതമാനം അറബ് സ്ത്രീകളും ലൈംഗികസുഖം അനുഭവിക്കുന്നില്ലെന്നും അവര്‍ക്ക് കുട്ടികളുണ്ടാകുന്നത് പ്രണയം നിമിത്തമല്ലെന്നുമായിരുന്നു ബി.ജെ.പി എം.പിയുടെ കുറിപ്പ്. ഡിലീറ്റ് ചെയ്യപ്പെട്ട ഈ ട്വീറ്റ് അടുത്തിടെ വീണ്ടും വൈറലാകുകയും ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടുമായി നിരവധി പേര്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ഒരു വ്യാജ വാര്‍ത്ത കൂടി സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഖത്തറിലെ രാജകുമാരിയെപ്പറ്റിയാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. രാജകുമാരി ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച്‌ ഏഴു പരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അതിനിടെ പിടിക്കപ്പെട്ടുവെന്നുമുള്ള വാര്‍ത്തയുടെ പേപ്പര്‍ ക്ലിപിംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇന്ത്യന്‍ മാദ്ധ്യമമായ ‘ഡി.എന്‍.എ’ ബ്രിട്ടീഷ് പത്രമായ ‘ഫിനാന്‍ഷ്യല്‍ ടൈംസി’നെ ഉദ്ധരിച്ചുകൊണ്ട് ഏറെക്കാലം മുന്‍പ് നല്‍കിയ ഈ വാര്‍ത്ത വ്യാജമാണെന്ന വിവരമാണ് വസ്തുതാ പരിശോധനാ വെബ്സൈറ്റായ ‘ആള്‍ട്ട് ന്യൂസ്’ നല്‍കുന്നത്. ‘ഓഡ്ക്രൈംസ്’ എന്ന് പേരുള്ള ഒരു വെബ്‌സൈറ്റില്‍ നിന്നുമാണ് ഫിനാന്‍ഷ്യല്‍ ടൈംസിന് ഈ വാര്‍ത്ത ലഭിച്ചതെന്നും അന്നുതന്നെ ബ്രിട്ടനിലെ നിരവധി മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നതായും ‘ആള്‍ട്ട് ന്യൂസ്’ വ്യക്തമാക്കുന്നു. വര്‍ഗീയ നിലപാടുകളുടെ പേരില്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയ വേളയിലാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.




By onemaly