Sun. Jan 24th, 2021




അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രു(അജയകുമാര്‍) സ്വന്തമാക്കി. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രു(അജയകുമാര്‍) അവാര്‍ഡ് കരസ്ഥമാക്കിയത്.

മൂന്ന് അവാര്‍ഡുകളാണ് ഇളയരാജ സ്വന്തമാക്കിയത്. ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്‌കോര്‍ നിര്‍വഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് കരസ്ഥമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ സ്വന്തമാക്കിയിട്ടുണ്ട്.

തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജനെയാണ് ഗിന്നസ് പക്രു ഇളയരാജയില്‍ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജിന്റെതായിരുന്നു ഇളയരാജയുടെ തിരക്കഥ. ഹരിശ്രീ അശോകന്‍, ഗോകുല്‍ സുരേഷ്, മാസ്റ്റര്‍ ആദിത്, ബേബി ആര്‍ദ്ര, ദീപക് പറമ്ബോല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായിരുന്നു.

അതേസമയം ഇതാദ്യമായല്ല അജയകുമാറിനെത്തേടി പുരസ്‌കാരങ്ങളെത്തുന്നത്. 2018 ഏപ്രിലില്‍ താരത്തെ തേടിയെത്തിയത് മൂന്ന് അവാര്‍ഡുകളായിരുന്നു. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് അവാര്‍ഡുകളാണ് പക്രു ഒരുദിവസം തന്നെ ഏറ്റുവാങ്ങിയത്.

2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ആദ്യമെത്തിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ്. ശാരീരിക വൈകല്യങ്ങളില്‍ തളച്ചിടാതെ ജീവിതത്തില്‍ മുന്നേറുവാനുള്ള പ്രചോദനമായി തന്റെ നേട്ടം മാറുമെന്നാണ് പ്രതീക്ഷയെന്ന് അവാര്‍ഡ് സ്വീകരിച്ച വേളയില്‍ ഗിന്നസ് പക്രു പറഞ്ഞിരുന്നു.






By onemaly