wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

0 Comments

ട്രെയിനില്‍ പോകാതെ പറന്ന് പോകാം,​ കാശും സമയവും ലാഭം,​ രാജധാനിയെ കൈവിട്ട് യാത്രക്കാ‌ര്‍

ട്രെയിനില്‍ പോകാതെ പറന്ന് പോകാം,​ കാശും സമയവും ലാഭം,​ രാജധാനിയെ കൈവിട്ട് യാത്രക്കാ‌ര്‍

കാസര്‍കോട്: ദീര്‍ഘനാളത്തെ ആവശ്യത്തിനൊടുവില്‍ രാജധാനി എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചു കിട്ടിയിട്ടും യാത്രക്കാര്‍ അത് പ്രയോജനപ്പെടുത്താതിരുന്നത് കുറഞ്ഞ വിമാനനിരക്കുകള്‍.

കാസര്‍കോട് നിന്ന് ഡല്‍ഹിയിലേക്ക് രാജധാനിയുടെ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റിന് 6885 രൂപയും സെക്കന്‍ഡ് എസിക്ക് 4105 രൂപയുമാണ് നിരക്ക്. കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനനിരക്കും നാലായിരത്തിനും ആറായിരത്തിനും ഇടയ്ക്കാണ്. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പലപ്പോഴും വിമാനടിക്കറ്റ് രാജധാനിയുടെ നിരക്കിനേക്കാള്‍ കുറയും. ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര നടത്തുന്നവര്‍ മൂന്നു ദിവസമെടുക്കുന്ന രാജധാനി യാത്രയേക്കാള്‍ മണിക്കൂറുകള്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാനയാത്ര മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ.

കുടുംബസമേതം വിനോദയാത്ര പോകുന്നവരോ ദൂരസ്ഥലങ്ങളിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്കു പോകുന്നവരോ ആണ് മുമ്ബ് രാജധാനിയെ കൂടുതലായും പ്രയോജനപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളം കൂടി വന്നതോടെ വിമാനയാത്രയുടെ അനുഭവം ആസ്വദിക്കുകയെന്ന ലക്ഷ്യത്തോടെ ഈ വിഭാഗവും കൂടുതലായി വിമാനയാത്രയിലേക്കു മാറിയിരിക്കുകയാണ്.

ഫെബ്രുവരി 18 മുതല്‍ ആറുമാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ രാജധാനിക്ക് കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. ഈ കാലയളവില്‍ ആവശ്യത്തിനു യാത്രക്കാരെ ലഭിക്കാതിരുന്നതിനാല്‍ സ്റ്റോപ്പ് നിര്‍ത്തുന്നതിനു മുന്നോടിയായി ഈ മാസം 23 മുതല്‍ കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് ഈ ട്രെയിനിന് ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പലപ്പോഴും കാസര്‍കോട് നിന്ന് രാജധാനിയുടെ ഇരുപതില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് ആഴ്ചയില്‍ ബുക്കുചെയ്യുന്നത്. പൊതുവേ ഒരു സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നതിനാവശ്യമായ ഇന്ധനച്ചെലവിനുള്ള തുക പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് റെയില്‍വേയുടെ തീരുമാനം. തൊട്ടടുത്ത മംഗളൂരു ജംഗ്ഷനിലും കണ്ണൂരിലും ബുക്കിംഗ് ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

%d bloggers like this: